ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം രൂക്ഷമായതോടെ കാനഡയിലെ പ്രധാന നഗരങ്ങളിൽ വാടക നിരക്കുകൾ കുത്തനെ താഴുന്നു. ഒന്റാറിയോയിലെ ഒഷാവാ നഗരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വാടകയിൽ ഏകദേശം 11 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കാനഡയിലുടനീളം ശരാശരി 4.8 ശതമാനത്തിന്റെ ഇടിവുണ്ടായതായി റിയൽ എസ്റ്റേറ്റ് വിശകലന സ്ഥാപനങ്ങളായ ‘റെന്റൽസ്.സിഎ’, ‘അർബനേഷൻ’ എന്നിവർ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വ്യവസായങ്ങളെ ബാധിച്ച വ്യാപാര നികുതി (താരിഫ്) തർക്കമാണ് ഈ വിലക്കുറവിന് പിന്നിലെ പ്രധാന കാരണം.\
അമേരിക്കയുമായുള്ള ഇറക്കുമതി-കയറ്റുമതി നികുതി പോര് കാനഡയിലെ തൊഴിൽ മേഖലയെയും നിർമ്മാണ രംഗത്തെയുമാണ് സാരമായി ബാധിച്ചിരിക്കുന്നത്. വാഹന നിർമ്മാണം, സ്റ്റീൽ, അലുമിനിയം, മരം, ഊർജ്ജ മേഖലകളെ ആശ്രയിച്ചു കഴിയുന്ന ഒഷാവാ, കാൽഗറി, വിൻഡ്സർ, ഹാമിൽട്ടൺ തുടങ്ങിയ നഗരങ്ങളിലാണ് തിരിച്ചടി രൂക്ഷം. ഒന്റാറിയോയിൽ മാത്രം 27,000-ത്തിലധികം ഫാക്ടറി ജോലികൾ നഷ്ടപ്പെട്ടു. രാജ്യത്തുടനീളം നാൽപ്പതിനായിരത്തിലേറെ പേർക്കാണ് ജോലി പോയത്. ജോലി നഷ്ടപ്പെടുമെന്ന ഭയവും വരുമാനക്കുറവും കാരണം ആളുകൾ ചെലവുകൾ ചുരുക്കാൻ തുടങ്ങിയതോടെ പുതിയ വീടുകൾ വാടകയ്ക്കെടുക്കാൻ ആരും തയ്യാറാകുന്നില്ല.
ALSO READ ; കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ
വാടകക്കാരെ കിട്ടാതായതോടെ കെട്ടിട ഉടമകൾ കുറഞ്ഞ നിരക്കിൽ വീടുകൾ നൽകാൻ നിർബന്ധിതരാകുകയാണ്. ഒപ്പം, സ്റ്റീലിന് 50 ശതമാനം നികുതി ഉയർന്നതോടെ പുതിയ ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണച്ചെലവ് വൻതോതിൽ വർദ്ധിച്ചു. ഇത് പുതിയ പ്രൊജക്റ്റുകൾ പാതിവഴിയിൽ നിലയ്ക്കാൻ കാരണമായിട്ടുണ്ട്. ജോലിയിലെ അനിശ്ചിതത്വം മാറും വരെ നിലവിലുള്ള വീടുകളിൽ തന്നെ തുടരാനാണ് ഭൂരിഭാഗം വാടകക്കാരും താല്പര്യപ്പെടുന്നത്. ടൊറന്റോ, വാൻകൂവർ തുടങ്ങിയ വൻ നഗരങ്ങളിലും വരും മാസങ്ങളിൽ ഇതിന്റെ പ്രത്യാഘാതം കൂടുതൽ വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









