ടൊറന്റോ: ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലെ കടുത്ത മൂടൽമഞ്ഞ് കാരണം വഴിതിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാർ എട്ട് മണിക്കൂറിലധികം വിമാനത്തിനുള്ളിൽ കുടുങ്ങി. കാൻ പുന്നിൽ നിന്നുള്ള വെസ്റ്റ്ജെറ്റ് വിമാനമാണ് വ്യാഴാഴ്ച പുലർച്ചെ വാട്ടർലൂ റീജിയണൽ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (YKF) മാറ്റിയത്. വ്യാഴാഴ്ച പുലർച്ചെ 1:15-ഓടെയാണ് വിമാനം വാട്ടർലൂവിൽ ഇറങ്ങിയത്. എന്നാൽ വിമാനത്താവളത്തിൽ രാത്രികാലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല.

തുടർന്ന് എട്ട് മണിക്കൂറിലധികം യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ തുടരേണ്ടി വന്നതായി സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നത് വരെ യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളിൽ തുടരണമെന്ന് എയർലൈൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനിടെ വിമാനത്തിനുള്ളിൽ ഭക്ഷണ സൗകര്യം ലഭ്യമല്ലാതിരുന്നത് യാത്രക്കാരെ വലച്ചു. കൊച്ചു കുട്ടികളുമായി യാത്ര ചെയ്തവർക്കാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടത്. ഒടുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കി പരിശോധനകൾ പൂർത്തിയാക്കിയത്. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് ലഗേജുകൾ സ്വീകരിച്ച് അതേ വിമാനത്തിൽ തന്നെ യാത്രക്കാർ ടൊറന്റോയിലേക്ക് തിരിച്ചു.
വാട്ടർലൂവിൽ എട്ട് മണിക്കൂറിലധികം ചിലവഴിച്ച ശേഷം വ്യാഴാഴ്ച രാവിലെ 10:10-ഓടെയാണ് വിമാനം ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ എത്തിയത്. പിയേഴ്സൺ വിമാനത്താവളത്തിൽ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാലാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതെന്ന് വെസ്റ്റ്ജെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കാൻ പുന്നിൽ നിന്നുള്ള യാത്രയ്ക്ക് സാധാരണ എടുക്കുന്ന സമയത്തേക്കാൾ 14 മണിക്കൂറോളം അധികം വേണ്ടിവന്നതായി യാത്രക്കാർ അറിയിച്ചു.
WestJet flight to Toronto lands in Waterloo; passengers trapped inside for hours
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




