ടൊറന്റോ: ടൊറന്റോ ഐലൻഡിലേക്കുള്ള ഫെറി ടിക്കറ്റുകൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സന്ദർശകർക്കും നാട്ടുകാർക്കും ടൊറന്റോ നഗരം മുന്നറിയിപ്പ് നൽകി. നഗരസഭയുടെ പേരിൽ പ്രവർത്തിക്കുന്നതായി അവകാശപ്പെട്ട് വ്യാജ ഫെറി ടിക്കറ്റുകൾ വിൽക്കുന്ന നിരവധി തട്ടിപ്പ് വെബ്സൈറ്റുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്.
സിറ്റി ഓഫ് ടൊറന്റോയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
നഗരസഭയുടെ പേരിൽ പ്രവർത്തിക്കുന്നതായി തോന്നിപ്പിച്ച് വ്യാജ ടിക്കറ്റുകൾ വിൽക്കുന്ന വെബ്സൈറ്റുകളെക്കുറിച്ച് പരാതികൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഫെറി ടിക്കറ്റുകൾ ടൊറന്റോ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ toronto.ca/ferry വഴിമാത്രം വാങ്ങണമെന്നും അധികൃതർ നിർദേശിച്ചു. മുന്നറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ “toronto-ferryticket.com” എന്ന വിലാസമുള്ള ഒരു വ്യാജ വെബ്സൈറ്റ് ഉദാഹരണമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പിന്റെ രൂപത്തിൽ തയ്യാറാക്കിയ ഈ സൈറ്റ് സന്ദർശകരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സിറ്റി ഓഫ് ടൊറന്റോയുടെ എല്ലാ ഔദ്യോഗിക വെബ്പേജുകളുടെയും വിലാസം “toronto.ca” എന്ന ഡൊമെയ്ൻ ഉൾക്കൊള്ളുന്നതാണെന്നും അതിനാൽ വെബ്സൈറ്റിന്റെ വിലാസം പരിശോധിച്ച ശേഷമേ ടിക്കറ്റ് വാങ്ങാവൂ എന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഓഗസ്റ്റ് മാസത്തിൽ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്ന പൗരന്മാർക്കും ടൊറന്റോ ഐലൻഡ് ഫെറിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് അടുത്തിടെ നഗരസഭ പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 30-ന് ടൊറന്റോ മേയർ Olivia Chow യും ഡെപ്യൂട്ടി മേയർ Ausma Malik യും അവതരിപ്പിച്ച പ്രമേയം സിറ്റി കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ടൊറന്റോയിലെ പതിനായിരക്കണക്കിന് ആളുകളുടെ ആവശ്യത്തെ മാനിച്ചാണ് ഓഗസ്റ്റ് മാസത്തിൽ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും സൗജന്യ ഫെറി യാത്ര ഒരുക്കുന്നതെന്ന് മേയർ ഒലീവിയ ചൗ പറഞ്ഞു.
നഗരത്തിലെ വികസന പദ്ധതികൾക്ക് കൂടുതൽ ഉയരമോ സാന്ദ്രതയോ അനുവദിക്കുന്നതിന് പകരമായി ഡെവലപ്പർമാർ നഗരത്തിന് നൽകുന്ന Section 37 ഫണ്ടിൽ നിന്നാണ് പദ്ധതിക്കുള്ള ചെലവ് വഹിക്കുകയെന്നും അവർ വ്യക്തമാക്കി. കുടുംബങ്ങളും യുവാക്കളും മുതിർന്ന പൗരന്മാരും ഈ സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തി ടൊറന്റോ ഐലൻഡ് സന്ദർശിക്കുകയും നഗരത്തിന്റെ ഈ വിലമതിക്കാനാവാത്ത ഹരിതാഭമായ വിനോദകേന്ദ്രം കൂടുതൽ അടുത്തറിയുകയും ചെയ്യുമെന്നാണ് നഗരസഭ പ്രതീക്ഷ പ്രകടിപ്പിച്ചത്.
Toronto Island Ferry ticket scam; warning issued against fake websites.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




