ഡിസി; യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി വ്യാപാര യുദ്ധത്തിന് മുതിർന്നാൽ കാനഡയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്നും ആ നീക്കം “മൂഢത്തരമായിരിക്കുമെന്നും” ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിൽ വാഷിംഗ്ടണിൽ നടന്ന ഉഭയകക്ഷി ചർച്ചകൾ വെള്ളിയാഴ്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രേഡ് വാർ രൂക്ഷമായത്. ചർച്ചകൾ തകർന്നതോടെ കാനഡയിൽ നിന്നുള്ള ഏകദേശം 2,000 കോടി ഡോളർ (20 ബില്യൺ ഡോളർ) മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം വരെ പുതിയ താരിഫ് ഏർപ്പെടുത്തി. ഇത് കാനഡയുടെ ആകെ യുഎസ് കയറ്റുമതിയുടെ 5.5 ശതമാനത്തോളം വരും.
യുഎസ് നടപടിക്ക് മറുപടിയായി സെപ്റ്റംബർ 8 മുതൽ തിരിച്ചടിയെന്നോണം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു. പ്രധാനമായും യുഎസിലെ സ്റ്റീൽ, ക്ഷീര വ്യവസായ മേഖലകളെ ലക്ഷ്യമിട്ടാണ് കാനഡയുടെ പുതിയ നികുതി നിരക്കുകൾ. “ഞങ്ങൾ ആക്രമിക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും,” എന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
യുഎസിന്റെ “മോശം കരാർ” അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ചർച്ചകളിൽ നിന്ന് പിന്മാറിയത്. മറ്റ് രാജ്യങ്ങളുമായുള്ള കാനഡയുടെ വ്യാപാര കരാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള യുഎസ് ആവശ്യങ്ങളും ഫ്രഞ്ച് ഭാഷയ്ക്കും ക്യുബെക് സംസ്‌കാരത്തിനും എതിരെയുള്ള ഭീഷണികളും അംഗീകരിക്കാനാവില്ലെന്ന് കാർണി കൂട്ടിച്ചേർത്തു.
ALSO READ ; 50% താരിഫിന് പിന്നാലെ നിർണായക നീക്കം; വ്യാപാരികളെ സഹായിക്കാൻ രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ക്യുബെക്ക്
കാനഡയുടെ തിരിച്ചടിയിൽ യുഎസ് ഗതാഗത സെക്രട്ടറി സീൻ ഡഫി കടുത്ത അമർഷം രേഖപ്പെടുത്തി. “ഞങ്ങൾ മികച്ച വ്യാപാര പങ്കാളികളാണ്, എന്നാൽ കാനഡയ്ക്കാണ് ഇതിൽ കൂടുതൽ നേട്ടമുള്ളത്,” എന്ന് അദ്ദേഹം എബിസി ‘ഫോക്സ് ന്യൂസ് സൺഡേ’യിൽ പറഞ്ഞു. ട്രംപിനോട് പോരാടി ജയിക്കാമെന്ന് കരുതുന്നത് അബദ്ധമാണെന്നും, രാജ്യത്തിന് സംഭവിക്കുന്ന സാമ്പത്തിക നാശം കണക്കിലെടുത്ത് കാർണി ഉടൻ തന്നെ ചർച്ചകളിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രൂത്ത് സോഷ്യലിലൂടെ ട്രംപും കാനഡയ്‌ക്കെതിരെ രംഗത്തുവന്നു. “കാനഡയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ആകുന്നതിന്റെ ആനുകൂല്യങ്ങൾ വേണം, എന്നാൽ സ്റ്റേറ്റ് ആകാനും താല്പര്യമില്ല,” എന്ന് ട്രംപ് പരിഹസിച്ചു. വർഷങ്ങളായി യുഎസ് കർഷകർക്ക് കാനഡ വൻ നികുതി ചുമത്തുകയാണെന്നും അത് ഇനി അനുവദിക്കില്ലെന്നും ട്രംപ് കുറിച്ചു. 2025 ജനുവരിയിൽ ട്രംപ് രണ്ടാം തവണയും അധികാരം ഏറ്റെടുത്തതുമുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. കാനഡയെ അമേരിക്കയുടെ 51-ാമത് സ്റ്റേറ്റ് ആക്കുമെന്ന ട്രംപിന്റെ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു.
യുഎസിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് കാനഡ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഈ ഭീഷണികൾക്കിടയിലും നിലപാടിൽ ഉറച്ചുനിൽക്കുന്ന കാർണിക്ക് സ്വന്തം നാട്ടിൽ വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. നിലവിൽ കാനഡയുടെ മൊത്തം കയറ്റുമതിയുടെ 70 ശതമാനവും യുഎസിലേക്കാണ്. വാഹനങ്ങൾ, സ്റ്റീൽ, അലുമിനിയം, മരം എന്നിവയ്ക്ക് യുഎസ് ഏർപ്പെടുത്തിയ താരിഫുകളിൽ ഇളവ് നൽകണമെന്നാണ് കാനഡ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. അതേസമയം കാനഡയ്ക്ക് കൂടുതൽ ഇളവുകൾ നൽകാൻ തയ്യാറായിരുന്നുവെന്നും ഇനി പുതിയ ചർച്ചകൾക്കൊന്നും പ്ലാനില്ലെന്നുമാണ് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





