സെന്റ് ജോൺസ്: കാനഡയിലുടനീളം ഉന്നതവിദ്യാഭ്യാസച്ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, പഠനച്ചെലവ് കുറച്ചുനിർത്താനുള്ള ശക്തമായ പോരാട്ടത്തിലാണ് വിദ്യാർത്ഥികൾ. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിൽ ട്യൂഷൻ ഫീസ് വീണ്ടും മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി നേതാവായ നിക്കോളാസ് കീഗിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള ഒപ്പുശേഖരണവും പ്രതിഷേധങ്ങളും ആരംഭിച്ചു.
1999 മുതൽ 2021 വരെയുള്ള കാലയളവിൽ ഈ യൂണിവേഴ്സിറ്റിയിൽ ഫീസ് വർദ്ധിപ്പിക്കാതെ ഒരു വർഷത്തെ 10 കോഴ്സുകൾക്ക് 3,000 ഡോളറിൽ താഴെയായി നിലനിർത്തിയിരുന്നു. എന്നാൽ 2022-ൽ ഈ ഫ്രീസ് എടുത്തുമാറ്റിയതോടെ തുക രണ്ടിരട്ടിയിലധികമായി ഉയർന്ന് 6,750 ഡോളറിലെത്തി. ഇതിനെത്തുടർന്ന് കടുത്ത പ്രതിഷേധം ഉയർന്നതോടെ 2026-ൽ സർക്കാരിന് വീണ്ടും ഫീസ് മരവിപ്പിക്കാൻ നിർദ്ദേശം നൽകേണ്ടി വന്നു. തുടർന്ന് അടുത്ത അധ്യയന വർഷത്തിലും ഫീസ് കൂട്ടരുതെന്നാണ് വിദ്യാർത്ഥികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം ട്യൂഷൻ ഫീസുകൾ വൻതോതിൽ വർദ്ധിക്കുകയാണ്. ബിരുദ കോഴ്സുകളുടെ ശരാശരി പ്രതിവർഷ പഠനച്ചെലവ് 2022-ലെ 7,915 ഡോളറിൽ നിന്ന് 2026 ആകുമ്പോഴേക്കും 9,292 ഡോളറായി ഉയർന്നു. അതായത് ഓരോ വർഷവും ശരാശരി 4.1 ശതമാനത്തിന്റെ വർദ്ധനവ്. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നിരക്ക് 8,400 ഡോളറിൽ നിന്ന് 9,273 ഡോളറായും വർദ്ധിച്ചിട്ടുണ്ട്.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
സർക്കാരുകൾ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയിരുന്ന സാമ്പത്തിക സഹായങ്ങളും സബ്സിഡികളും വെട്ടിച്ചുരുക്കുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വിദ്യാഭ്യാസം പ്രവിശ്യാ സർക്കാരുകളുടെ ചുമതലയായതിനാൽ ഫെഡറൽ സർക്കാർ ഇതിൽ നിന്നും പൂർണ്ണമായി കൈകഴുകുകയാണെന്ന് മെമ്മോറിയൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി അസോസിയേഷൻ പ്രസിഡന്റ് എറിക്ക മെർഷ്രോഡ് കുറ്റപ്പെടുത്തി. ഈ വർഷം പ്രവിശ്യാ സർക്കാർ യൂണിവേഴ്സിറ്റിക്കുള്ള ഫണ്ട് 311 മില്യണിൽ നിന്ന് 330 മില്യൺ ഡോളറായി ഉയർത്തിയെങ്കിലും ട്യൂഷൻ ഫീസിനൊപ്പം ഹോസ്റ്റൽ താമസച്ചെലവ് കൂടി കുത്തനെ ഉയർന്നത് സാധാരണ കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









