വാഷിങ്ടൺ : വെനസ്വേലയുമായി പുതിയ എണ്ണക്കരാർ ഒപ്പുവെച്ചതിന് പിന്നാലെ കാനഡയ്ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒപെക് രാജ്യങ്ങൾക്കും കാനഡയ്ക്കും മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. കാനഡയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതാണ് പുതിയ നീക്കങ്ങൾ.
അമേരിക്കൻ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ ജോൺ സോളമന്റെ ഉടമസ്ഥതയിലുള്ള ‘ജസ്റ്റ് ദി ന്യൂസ്’ എന്ന മാധ്യമത്തിലെ വാർത്തയാണ് ട്രംപ് പ്രധാനമായും പങ്കുവെച്ചത്. വെനസ്വേലയുമായുള്ള ചരിത്രപരമായ എണ്ണക്കരാർ ആഗോള ഊർജ്ജ മേഖലയെ പുനഃക്രമീകരിക്കുമെന്നും ഊർജ്ജ രംഗത്തെ ആധിപത്യത്തിനായി ഒപെകിനും കാനഡയ്ക്കും മേൽ കടുത്ത സമ്മർദ്ദം ചെലുത്തുമെന്നും വാർത്തയിൽ പറയുന്നു.
വ്യാപാര തർക്കങ്ങളിൽ കാനഡ തങ്ങളുടെ ഊർജ്ജ കയറ്റുമതി ആയുധമാക്കുന്നത് കാനഡയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ‘അമേരിക്കൻസ് ഫോർ എനർജി ഡോമിനൻസ്’ ചെയർമാൻ സാം റൊമെയ്ൻ അഭിപ്രായപ്പെട്ടതായി ലേഖനം ഉദ്ധരിക്കുന്നു. ഇതിന് പിന്നാലെ കാനഡയിൽ നിന്നുള്ള വ്യവസായ സ്ഥാപനങ്ങൾ അമേരിക്കയിലേക്ക് ഒഴുകിയെത്തുകയാണെന്ന് അവകാശപ്പെട്ട് ട്രംപ് മറ്റൊരു പോസ്റ്റും പങ്കുവെച്ചു.
കാനഡ വർഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും ഇനി അത് അനുവദിക്കില്ലെന്നും ട്രംപ് വിമർശിച്ചു. തങ്ങൾ സ്വന്തമായി കാറുകൾ ഉൾപ്പെടെയുള്ളവ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും അത് നടപ്പിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിലെ യഹൂദ സമൂഹം നേരിടുന്ന യഹൂദ വിരുദ്ധതയ്ക്കെതിരെ അമേരിക്കയിലേക്ക് നിയമപരമായ കുടിയേറ്റ മാർഗ്ഗം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ നേതാക്കൾ ട്രംപിന് കത്തയച്ചതു സംബന്ധിച്ച മറ്റൊരു വാർത്തയും അദ്ദേഹം തന്റെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








