ഓട്ടവ: കാനഡയിൽ ജോലി ചെയ്യുന്ന മുപ്പത്തേഴുകാരനായ ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയറുടെ റെഡ്ഡിറ്റ് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. കാനഡയിൽ ജോലി ചെയ്ത് പ്രതിവർഷം 40 ലക്ഷം രൂപയോളം സമ്പാദിക്കുകയും 13 കോടി രൂപയുടെ വ്യക്തിഗത ആസ്തി സ്വന്തമായി ഉണ്ടാക്കുകയും ചെയ്തിട്ടും, ജോലിയിലെ കടുത്ത മാനസിക സമ്മർദ്ദവും മടുപ്പും കാരണം ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഇദ്ദേഹം. മുപ്പത്തിനാലുകാരിയായ ഭാര്യയ്ക്കും ആറ് മാസം പ്രായമുള്ള മകൾക്കുമൊപ്പമാണ് ഇയാൾ നിലവിൽ കാനഡയിൽ താമസിക്കുന്നത്.
ഇനിയും 10 മുതൽ 15 വർഷം വരെ ഐടി മേഖലയിൽ തുടരാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി ‘returnToIndia’ എന്ന റെഡ്ഡിറ്റ് സബ്‌റെഡ്ഡിറ്റിലാണ് ഇദ്ദേഹം തന്റെ ആശങ്കകൾ പങ്കുവെച്ചത്. ജോലിയിൽ നിന്ന് 6 മുതൽ 12 മാസം വരെ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനാണ് ഇയാൾ താല്പര്യപ്പെടുന്നത്. അതിനുശേഷം പുതിയ ബിസിനസ്സ്, നിക്ഷേപങ്ങൾ അല്ലെങ്കിൽ സമ്മർദ്ദം കുറഞ്ഞ മറ്റ് ജോലികൾ എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാനാണ് പദ്ധതി.
തന്റെ ഭാര്യയുടെ സ്വത്തോ കുടുംബവീടോ ഉൾപ്പെടുത്താതെയാണ് ഇയാൾ 13 കോടി രൂപയുടെ ആസ്തി കണക്കാക്കിയിരിക്കുന്നത്. 7 കോടി രൂപയുടെ യുഎസ് ഓഹരികൾ, 2.5 കോടി രൂപയുടെ 401(k) ഫണ്ട്, 1.5 കോടി രൂപയുടെ സ്വർണം, ഇന്ത്യയിൽ 2 കോടി രൂപയുടെ ഭൂമി എന്നിവയാണ് ഇയാളുടെ പ്രധാന നിക്ഷേപങ്ങൾ. ഇതിനുപുറമേ അഹമ്മദാബാദിൽ 2.5 കോടി രൂപ വിലമതിക്കുന്ന ഒരു വീടുണ്ടെങ്കിലും അതിൽ ഒരു കോടി രൂപയുടെ വായ്പ ബാക്കിയുള്ളതിനാൽ അത് ആസ്തിയിൽ കൂട്ടിയിട്ടില്ല. സാമ്പത്തിക കാര്യങ്ങൾ ഭാര്യയുമായി വേറെതന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇയാൾ വ്യക്തമാക്കുന്നു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
കാനഡയിലെ നിലവിലെ ജോലിയിലൂടെ പ്രതിവർഷം 40 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് മടങ്ങിയാൽ നല്ലൊരു ജോലിയിലൂടെ 25 ലക്ഷം രൂപയോളം സമ്പാദിക്കാൻ കഴിയുമെന്നാണ് ഇയാളുടെ കണക്കുകൂട്ടൽ. ഇതിനിടയിലെ 15 ലക്ഷം രൂപയുടെ വ്യത്യാസത്തിനായി ഇത്രയും വലിയ മാനസിക സമ്മർദ്ദം സഹിക്കേണ്ടതുണ്ടോ എന്നതാണ് ഇയാളെ അലട്ടുന്ന പ്രധാന ചോദ്യം. കാനഡയിൽ തുടർന്ന് സമ്മർദ്ദം കുറഞ്ഞ ജോലി കണ്ടെത്തുക, ഇന്ത്യയിലേക്ക് മടങ്ങി നീണ്ട അവധിയെടുക്കുക, അല്ലെങ്കിൽ ടെക് മേഖല ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ മറ്റെന്തെങ്കിലും ചെയ്യുക എന്നീ മൂന്ന് വഴികളാണ് ഇയാൾക്ക് മുന്നിലുള്ളത്.
സോഷ്യൽ മീഡിയയിൽ ഈ കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കരിയറിനേക്കാൾ കുടുംബത്തിനും ആരോഗ്യത്തിനും മുൻഗണന നൽകി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ ചിലർ ഉപദേശിച്ചപ്പോൾ, കാനഡയിൽ തന്നെ തുടർന്ന് ജോലി മാറ്റം പരീക്ഷിക്കുന്നതാണ് നല്ലതെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. കാനഡയിലെ ഐടി തൊഴിൽ വിപണി മുൻപത്തേക്കാൾ മോശമാണെന്ന് അനുഭവസ്ഥരായ ചില ആളുകൾ ചൂണ്ടിക്കാണിച്ചപ്പോൾ, നിലവിലുള്ള ആസ്തി കൃത്യമായി നിക്ഷേപിച്ചാൽ തന്നെ ഇന്ത്യയിൽ സുഖമായി ജീവിക്കാമെന്നും അതിനാൽ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങാനുമാണ് ഭൂരിഭാഗം പേരും നിർദ്ദേശിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









