വാഷിങ്ടൺ : മിഡിൽ ഈസ്റ്റ് സംഘർഷത്തിന് അന്ത്യം കുറിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാനിയൻ സമാധാന നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതായി റിപ്പോർട്ട്. ഖത്തർ മാധ്യമങ്ങൾ വഴി കൈമാറിയ നിർദ്ദേശത്തിൽ ഔദ്യോഗിക അമേരിക്കൻ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ഇറാൻ. ഏഴ് ദിവസത്തിനകം ശത്രുത അവസാനിപ്പിക്കാമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച പദ്ധതി. എന്നാൽ ഇറാനിയൻ ആവശ്യങ്ങൾ അംഗീകരിക്കാൻ ട്രംപ് തയ്യാറല്ലെന്നും വ്യോമാക്രമണങ്ങൾ തുടരാനാണ് സാധ്യതയെന്നും ‘വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.
യു.എൻ പൊതുസഭയിൽ വെച്ചാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സമാധാന പദ്ധതി അവതരിപ്പിച്ചത്. യു.എസും ഇസ്രായേലും ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങൾക്കിടെയാണ് ഈ നീക്കം. ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം നീക്കുക, മരവിപ്പിച്ച ഫണ്ട് റിലീസ് ചെയ്യുക, എണ്ണ ഉപരോധം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നത്. എന്നാൽ ആണവ പരിപാടികളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾക്കെതിരെ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും പ്രതിരോധം ശക്തമാക്കി. സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികൾ തൊടുത്തുവിട്ട രണ്ട് ഡ്രോണുകളും ഒരു ബാലസ്റ്റിക് മിസൈലും സഖ്യസേന തടഞ്ഞു. സൗദിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തുർക്കി, പാകിസ്ഥാൻ പ്രതിരോധ ഉദ്യോഗസ്ഥർ റിയാദിൽ കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




