ഓട്ടവ: കാനഡയും അമേരിക്കയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. അമേരിക്കയിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും രാജ്യത്തെ കടുത്ത വിലക്കയറ്റവും കണക്കിലെടുത്ത്, ട്രംപ് ഭരണകൂടം ചർച്ചകളിൽ നയം ലളിതമാക്കിയതാണ് കരാറിന് വഴിയൊരുക്കുന്നത്. കാർ നികുതി ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായി റിപ്പോർട്ട്.
യു.എസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ഭയം ട്രംപിനുണ്ട്. കൂടാതെ ഇറാൻ യുദ്ധവും ട്രംപിന്റെ നികുതി നയങ്ങളും കാരണം അമേരിക്കയിൽ ഉൽപ്പന്നങ്ങൾക്ക് വില ഉയർന്നത് ജനങ്ങളിൽ വൻ അമർഷമുണ്ടാക്കി. പ്രധാനമായും മിഷിഗൺ, മെയ്ൻ എന്നീ സംസ്ഥാനങ്ങളിൽ കാനഡയ്ക്കെതിരായ നികുതി വലിയ തിരഞ്ഞെടുപ്പ് വിഷയമായതോടെയാണ് ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താക്കളും അറിയിച്ചു.
അമേരിക്ക നല്ല ഉദ്ദേശ്യത്തോടെ മുന്നോട്ടുവന്നാൽ ഉച്ചകോടി ചർച്ചയ്ക്ക് കാനഡ ഏതു സമയത്തും തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. ഇതിന്റെ ഭാഗമായി കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ച് ഒട്ടാവയിൽ തന്നെ തങ്ങി ഉന്നതതല ചർച്ചകൾക്ക് നേതൃത്വം നൽകി വരികയാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ കരാറിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും, കാനഡയുടെ പരമാധികാരത്തിലും സാംസ്കാരിക നയങ്ങളിലും അമേരിക്ക അനാവശ്യ നിബന്ധനകൾ വെച്ചതിനെ തുടർന്ന് ചർച്ചകൾ പരാജയപ്പെട്ടിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





