ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ ആറു കമ്മ്യൂണിറ്റികളിലെ പ്രാദേശിക പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവിശ്യാ സർക്കാർ 9.25 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പബ്ലിക് ട്രാൻസിറ്റ് അസിസ്റ്റൻസ് പ്രോഗ്രാം വഴി അനുവദിച്ച ഈ തുക, പ്രദേശങ്ങളിലെ മുനിസിപ്പാലിറ്റികൾക്കും സ്ഥിരമായി സർവീസ് നടത്തുന്ന കമ്മ്യൂണിറ്റി സംഘടനകൾക്കും ഏറെ സഹായകരമാകും. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും ബസ് ടെർമിനലുകൾ, യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങൾ (ഷെൽട്ടറുകൾ) എന്നിവ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനുമാണ് ഈ ഫണ്ട് പ്രധാനമായും വിനിയോഗിക്കുന്നത്.
അനുവദിച്ച തുകയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നത് പശ്ചിമ അന്നാപ്പൊളിസ് വാലിയിൽ സർവീസ് നടത്തുന്ന ടൈഡൽ ട്രാൻസിറ്റ് അതോറിറ്റിക്കാണ്. 3.75 ലക്ഷം ഡോളറാണ് ഇവർക്ക് ലഭിക്കുക. പ്രവിശ്യാ ഫണ്ടിംഗ് തങ്ങളുടെ യാത്രാ സംവിധാനങ്ങളുടെ ആധുനികവത്കരണത്തിന് വലിയ പിന്തുണയാകുമെന്ന് ടൈഡൽ ട്രാൻസിറ്റ് ജനറൽ മാനേജർ മെഗ് ഹോഡ്ജസ് വ്യക്തമാക്കി. പശ്ചിമ നോവ സ്കോഷ്യയിലെ ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഉറപ്പാക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കേപ് ബ്രെറ്റൺ റീജിയണൽ മുനിസിപ്പാലിറ്റിക്ക് 4.25 ലക്ഷം ഡോളറും സ്ട്രെയ്റ്റ് ഏരിയ ട്രാൻസിറ്റിന് 50,000 ഡോളറും ലഭിക്കും. ആന്റിഗോണിഷ് കമ്മ്യൂണിറ്റി ട്രാൻസിറ്റ്, പിക്ടു കൗണ്ടി ട്രാൻസിറ്റ്, ബ്രിഡ്ജ്‌വാട്ടർ പട്ടണം എന്നിവയ്ക്ക് 25,000 ഡോളർ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.
ദൈനംദിന ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ഫ്രെഡ് ടില്ലി അറിയിച്ചു. ഫാർമസികൾ, ഗ്രോസറി സ്റ്റോറുകൾ എന്നിവടങ്ങളിലേക്കുള്ള യാത്രകൾക്കും സന്ദർശനങ്ങൾക്കും കൃത്യമായ ഗതാഗത സൗകര്യം ഉണ്ടാകുന്നത് ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യവും ജീവിതസൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്നും പ്രവിശ്യാ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Travel facilities will be enhanced in these six areas; Nova Scotia government announces funds for development.






