ഹാലിഫാക്സ്: നിയമവിരുദ്ധമായി പിടിച്ച ലോബ്സ്റ്റർ വാങ്ങിയെന്ന ആരോപണത്തിൽ 10 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് നോവ സ്കോഷ്യയിലെ കടൽഭക്ഷ്യ സംസ്കരണ കമ്പനി. ഇൻഡിപെൻഡന്റ് ഫിഷറീസ് ലിമിറ്റഡും പ്രസിഡന്റ് സിയോമിങ് (മാർക്ക്) മാവോയും കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ആവശ്യം ഉന്നയിച്ചത്.
യൂണിഫൈഡ് ഫിഷറീസ് കൺസർവേഷൻ അലയൻസ് 2024 നവംബറിലാണ് കേസ് നൽകിയത്.
നിയമവിരുദ്ധമായി പിടിച്ച ലോബ്സ്റ്റർ കടത്താനും സംസ്കരിക്കാനും വിൽക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് സഖ്യത്തിന്റെ ആരോപണം. ഇതുമൂലം തെക്കുപടിഞ്ഞാറൻ നോവ സ്കോഷ്യയിലെ സെന്റ് മേരീസ് ബേയിലെ ലോബ്സ്റ്റർ ശേഖരം കുറഞ്ഞെന്നും മത്സ്യത്തൊഴിലാളികൾക്ക് 10 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നും സഖ്യം ആരോപിക്കുന്നു.
ആരോപണങ്ങൾ വളരെ അവ്യക്തമാണെന്നാണ് ഇൻഡിപെൻഡന്റ് ഫിഷറീസിന്റെയും മാവോയുടെയും വാദം. ആരോപണം നേരിട്ട മത്സ്യത്തൊഴിലാളികളുടെ പേരുകളും ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ പേരുകളും നൽകണമെന്നും ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന സംഭവങ്ങളുടെ തീയതിയും സമയവും മാവോയുടെ ഉത്തരവാദിത്തം തെളിയിക്കുന്ന വിവരങ്ങളും വേണമെന്നും അവർ ആവശ്യപ്പെട്ടു.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
ജനുവരിയിൽ കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്ന് കമ്പനി ഇപ്പോൾ അപ്പീൽ നൽകിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച അപ്പീൽ കോടതിയിൽ വാദം നടന്നെങ്കിലും വിധി വന്നിട്ടില്ല.
ആരോപണങ്ങൾ മാവോയും കമ്പനിയും ശക്തമായി നിഷേധിച്ചു. കമ്പനി 80ലധികം പേരെ ജോലിക്കെടുക്കുന്നുണ്ടെന്നും പ്രവിശ്യാ, ഫെഡറൽ നിയമങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്നും മാവോ പറഞ്ഞു. അതേസമയം, കേസ് വൈകിപ്പിക്കാനാണ് കമ്പനി കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്നതെന്ന് മത്സ്യത്തൊഴിലാളി സഖ്യം ആരോപിച്ചു. കേസിൽ ഇതുവരെ കമ്പനി പ്രതിരോധ വാദം സമർപ്പിച്ചിട്ടില്ലെന്നും സഖ്യം പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









