ടൊറന്റോ: ടൊറന്റോയിലെ വാടകവീടുകളിൽ പരമാവധി താപനില നിശ്ചയിക്കുന്നതിനുള്ള ബൈലോ രൂപീകരണവുമായി ടൊറന്റോ സിറ്റി കൗൺസിൽ മുന്നോട്ട് പോകുന്നു. വാടകമുറികളിൽ എയർ കണ്ടീഷണർ നിർബന്ധമാക്കുന്നത് താമസക്കാരുടെ വാടക വർദ്ധിക്കുന്നതിന് കാരണമാകുമെന്ന ആശങ്കകൾക്കിടെയാണ്, ബൈലോടെ ഒരു രൂപരേഖ ഈ വരുന്ന ജൂൺ അവസാനത്തോടെ സമർപ്പിക്കാൻ കൗൺസിലർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കൗൺസിലിൽ കഴിഞ്ഞ 15 വർഷമായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നിലവിൽ നഗരത്തിലെ വാടകവീടുകളിൽ പരമാവധി താപനില എത്രയായിരിക്കണമെന്ന് വ്യക്തമാക്കുന്ന നിയമങ്ങളൊന്നുമില്ല. വിക്ടോറിയ ഡേ വാരാന്ത്യത്തിൽ നഗരത്തിൽ ഈ വർഷത്തെ ആദ്യ ഹീറ്റ് വാണിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കൗൺസിലിൽ ഈ വിഷയം വീണ്ടും ചർച്ചയായത്. താമസ്ഥലങ്ങളിലെ ഇൻഡോർ താപനില ദീർഘനേരം 26 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ടൊറന്റോയിലെ മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മിഷേൽ മൂർത്തി വ്യക്തമാക്കി.
പുതിയ കൂളിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ചിലവ് ഭൂവുടമകൾ വാടകക്കാരുടെ മേൽ അടിച്ചേൽപ്പിക്കുമെന്ന കൗൺസിലർമാരുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ബൈലായെ ശക്തമായി അനുകൂലിക്കുന്ന കൗൺസിലർ ജോഷ് മാറ്റ്ലോ അഭിപ്രായപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയ ശേഷം മറ്റ് പ്രതിസന്ധികൾക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്ന് ടൊറന്റോ ഹീറ്റ് സേഫ്റ്റി കോയലിഷനെ പ്രതിനിധീകരിച്ച് കനേഡിയൻ എൻവയോൺമെന്റൽ ലോ അസോസിയേഷനിലെ അഭിഭാഷക ജാക്വിലിൻ വിൽസണും വ്യക്തമാക്കി.
പുതിയ നിയമങ്ങളുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി പ്രവിശ്യാ ഗവൺമെന്റിന്റെ റെസിഡൻഷ്യൽ ടെനൻസീസ് ആക്ടിൽ (RTA) ആവശ്യമായ ഭേദഗതികൾ വരുത്താൻ സിറ്റി കൗൺസിൽ പ്രവിശ്യാ-ഫെഡറൽ സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നിയമപ്രകാരം ഭൂവുടമകൾ വാടകക്കാർക്ക് എയർ കണ്ടീഷണർ നൽകണമെന്ന് നിർബന്ധമില്ലെങ്കിലും, ജൂലൈ 1 മുതൽ നിലവിൽ വരുന്ന പുതിയ ഭേദഗതി പ്രകാരം വാടകക്കാർ സ്വന്തമായി എസി സ്ഥാപിക്കുന്നത് തടയാൻ ഭൂവുടമകൾക്ക് സാധിക്കില്ല.
ബൈലോ നടപ്പിലാകുന്നതുവരെ നഗരത്തിൽ ചൂട് കുറയ്ക്കുന്നതിനുള്ള മറ്റ് ചില താൽക്കാലിക പദ്ധതികൾ ടൊറന്റോ സിറ്റി ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാരായ മുതിർന്ന പൗരന്മാർ, നവജാതശിശുക്കളുള്ള കുടുംബങ്ങൾ, ഗർഭിണികൾ എന്നിവർക്കായി ജൂൺ അവസാനത്തോടെ 2400-ലധികം സൗജന്യ എയർ കണ്ടീഷണറുകൾ വിതരണം ചെയ്യുമെന്ന് ടൊറന്റോ എമർജൻസി മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോവാന ബീവൻ-ഡെസ്ജാർഡിൻസ് അറിയിച്ചു.
കൂടാതെ, എയർ കണ്ടീഷണർ ഇല്ലാത്ത അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലെ പൊതുവായ പാർട്ടി റൂമുകൾ പോലെയുള്ള ഇടങ്ങൾ ജൂൺ 1 മുതൽ 26 ഡിഗ്രി സെൽഷ്യസിന് താഴെ തണുപ്പിച്ചു നിലനിർത്തണമെന്നും സിറ്റി ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പിന് മുന്നോടിയായി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരം പൊതു റൂമുകൾ താൽക്കാലിക ആശ്വാസം മാത്രമാണെന്നും വാടകമുറികൾക്കുള്ളിൽ തന്നെയാണ് കൂളിംഗ് സംവിധാനം ഉറപ്പാക്കേണ്ടതെന്നും ജാക്വിലിൻ വിൽസൺ കൂട്ടിച്ചേർത്തു.
Toronto to make cooling mandatory in rental homes; Council prepares new legislation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




