ടൊറന്റോ: പ്രൊജക്റ്റ് സൗത്ത് അഴിമതി കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പുമായി ടൊറന്റോ പോലീസ് മേധാവി മൈറോൺ ഡെംകിവ്. അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലാണ് ചില ഉദ്യോഗസ്ഥർ കൊക്കെയ്ൻ, പോലീസ് യൂണിഫോം എന്നിവ വിൽക്കുന്നതും നിയമവിരുദ്ധ ബിസിനസുകൾ നടത്തുന്നതിനായി ശൃംഖല രൂപീകരിച്ചതും സംബന്ധിച്ച ആരോപണങ്ങൾ പുറത്തുവന്നത്. പോലീസ് ഡാറ്റാബേസിൽ നിന്ന് ചോർത്തിയ വിവരങ്ങൾ തുടർന്നുണ്ടായ വെടിവയ്പ്പുകളിലേക്ക് നയിച്ചെന്നതാണ് കേസിലെ പ്രധാന ആരോപണം. നിലവിലെയും മുൻകാലത്തെയും എട്ട് പോലീസ് ഉദ്യോഗസ്ഥർക്കും നിരവധി സാധാരണക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ഏകദേശം 9,000 അംഗങ്ങളുള്ള സേനയിലെ വളരെ ചെറിയ വിഭാഗത്തിനെതിരെയാണെന്ന് ടൊറന്റോ പോലീസ് അസോസിയേഷൻ പ്രസിഡന്റ് ക്ലെയ്ടൺ ക്യാംപ്ബെൽ പറഞ്ഞു. പോലീസ് അഴിമതിയോട് അംഗങ്ങൾക്കും യാതൊരു സഹിഷ്ണുതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി തടയുന്നതിനായി ഉദ്യോഗസ്ഥരുടെ മേൽനോട്ടം ശക്തമാക്കുന്നതും പോലീസ് ഡാറ്റാബേസുകളിലെ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ഡെംകിവ് നേരത്തെ ആരംഭിച്ചിരുന്നു. പ്രൊജക്റ്റ് സൗത്ത് സംബന്ധിച്ച് പോലീസ് സർവീസ് ബോർഡും വിവിധ സർക്കാർ ഏജൻസികളും പരിശോധനകൾ നടത്തുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









