ടൊറന്റോ: ഒന്റാരിയോയിലെ രണ്ട് പ്രമുഖ സിഖ് ഗുരുദ്വാരകൾ വൻ സാമ്പത്തിക പ്രതിസന്ധിയിലും നിയമപോരാട്ടത്തിലും അകപ്പെട്ടു. മുൻ ലിബറൽ പാർട്ടി എം.പി രാജ്‌വീന്ദർ ഗ്രെവാളിന്റെ നിയമസ്ഥാപനവുമായി ബന്ധപ്പെട്ട് എടുത്ത 13 മില്യൺ ഡോളറിലധികം വരുന്ന വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നാണ് ഗുരുദ്വാരകൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ടൊറന്റോയിലെ സിഖ് സ്പിരിച്വൽ സെന്റർ (SSCT), ബ്രാംപ്ടണിലെ നാനാക്സർ ഠാഠ് ഈശ്വർ ദർബാർ എന്നീ ഗുരുദ്വാരകളെ പ്രതിയാക്കി വായ്പ നൽകിയ കമ്പനികളാണ് ഒന്റാരിയോ സുപ്പീരിയർ കോടതിയിൽ ഹർജി നൽകിയത്. SSMT മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് ഗുരുദ്വാരകളുടെ വസ്തുവകകൾ ഈടായി നൽകിയാണ് കഴിഞ്ഞ വർഷം ആദ്യ വായ്പ എടുത്തത്. പിന്നീട് ഈ തുക 15 മില്യൺ ഡോളറായി ഉയർത്തി. ആദ്യ ആറ് മാസത്തേക്ക് 15 ശതമാനവും, അതിനുശേഷം 24 ശതമാനവും ഉയർന്ന പലിശ നിരക്കിലായിരുന്നു വായ്പാ കരാർ.
രാജ്‌വീന്ദർ ഗ്രെവാളിന്റെ ഉടമസ്ഥതയിലുള്ള ‘RSG ലോ’ എന്ന സ്ഥാപനമാണ് ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ ബ്രാംപ്ടണിലെ വസ്തുവകകളുടെ ലീഗൽ രജിസ്ട്രേഷൻ രേഖകളിൽ സ്ഥാപനം വീഴ്ച വരുത്തിയതായി ധനകാര്യ കമ്പനി ആരോപിക്കുന്നു. കൂടാതെ ബാങ്ക് ഓഫ് നോവ സ്കോട്ടിയ ഉൾപ്പെട്ട ചെക്ക് തട്ടിപ്പ് കേസുകളിലും ഈ സ്ഥാപനത്തിന്റെ ട്രസ്റ്റ് അക്കൗണ്ട് വഴി ലക്ഷക്കണക്കിന് ഡോളർ ഗുരുദ്വാര അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
കേസിൽ അടുത്ത വാദം കേൾക്കുന്ന ജനുവരി മാസം വരെ ബ്രാംപ്ടണിലെ ഗുരുദ്വാര വസ്തുവകകൾ വിൽക്കുന്നതോ മറ്റ് ആവശ്യങ്ങൾക്കായി പണയം വെക്കുന്നതോ തടഞ്ഞുകൊണ്ട് ഒന്റാരിയോ സുപ്പീരിയർ കോടതി ഉത്തരവിട്ടു. രാജ്‌വീന്ദർ ഗ്രെവാളും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ അഭിഭാഷകരും നിലവിൽ ലോ സൊസൈറ്റി ഓഫ് ഒന്റാറിയോയുടെ അച്ചടക്ക നടപടികൾ നേരിടുകയാണ്. രണ്ട് ഗുരുദ്വാരകളും ചാരിറ്റബിൾ സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്തവയാണെങ്കിലും, കോടിക്കണക്കിന് ഡോളറിന്റെ ഈ വായ്പ ചാരിറ്റി ആവശ്യങ്ങൾക്കാണോ ഉപയോഗിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









