ടൊറന്റോ: ടൊറന്റോ മേയർ ഒലിവിയ ചൗവിന്റെ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ശ്രമത്തിന് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തിൽ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ ബുധനാഴ്ചത്തെ പരാമർശം വ്യാഖ്യാനിക്കപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹത്തിന്റെ ഓഫിസ്. ടൊറന്റോ മേയർ തിരഞ്ഞെടുപ്പിൽ ഫോർഡ് ആരെയും പിന്തുണച്ചിട്ടില്ലെന്നും ഒരു സ്ഥാനാർഥിയെയും പിന്തുണയ്ക്കില്ലെന്നും ഓഫിസ് വ്യക്തമാക്കി.
ടൊറന്റോയിൽ പുതിയ സനോഫി വാക്സിൻ നിർമാണ കേന്ദ്രം തുറന്നതുമായി ബന്ധപ്പെട്ട സംയുക്ത വാർത്താസമ്മേളനത്തിലാണ് ഫോർഡും ചൗവും ബുധനാഴ്ച പങ്കെടുത്തത്. മേയർ തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ചൗവുമായി തനിക്ക് “അസാധാരണമായ” ബന്ധമാണുള്ളതെന്നും നഗരത്തിന് വലിയ തോതിൽ ധനസഹായം ലഭിക്കുന്നതിൽ ഈ ബന്ധം സഹായിച്ചിട്ടുണ്ടെന്നും ഫോർഡ് പറഞ്ഞു. ചൗ “മികച്ച ജോലി” ചെയ്യുകയാണെന്നും “മേയറെ തുടർന്നും പിന്തുണയ്ക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് തന്റെ പരാമർശം സംബന്ധിച്ച് “വാക്കുകൾക്കിടയിലെ അർഥം മനസ്സിലാക്കണം” എന്ന സൂചനയും ഫോർഡ് നൽകി. ഇതോടെ ചൗവിനുള്ള പരോക്ഷ പിന്തുണയായാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യാപകമായി വിലയിരുത്തപ്പെട്ടത്. ചൗവിന്റെ പ്രധാന എതിരാളിയായ ബ്രാഡ് ബ്രാഡ്ഫോർഡും ഇതേ രീതിയിലാണ് ഫോർഡിന്റെ പരാമർശത്തെ കണ്ടത്. എന്നാൽ വ്യാഴാഴ്ച ഫോർഡിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം ചൗവിനെ പിന്തുണച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ടൊറന്റോ മേയർ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർഥിയെയും പ്രീമിയർ പിന്തുണയ്ക്കില്ലെന്നും ഓഫിസ് അറിയിച്ചു. “രാഷ്ട്രീയ നിലപാട് എന്തുതന്നെയായാലും ഒന്റാരിയോയിലെ ജനങ്ങളുടെ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരോടും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രീമിയർ തെളിയിച്ചിട്ടുണ്ട്,” ഫോർഡിന്റെ ഓഫിസ് വക്താവ് ജെന്നിഫർ കൺലിഫ് പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








