സസ്‌കറ്റൂൺ: ഉപഭോക്താക്കളെ കബളിപ്പിച്ച കേസിൽ സസ്‌കറ്റൂൺ ടിംബർ ഹോം നിർമ്മാതാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് (RCMP). ‘പ്രെയറി ടിംബർ ഗ്രൂപ്പ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ ജേസൺ പേസിക് (42) എന്നയാൾക്കെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കസ്റ്റം തടി വീടുകളും നിർമ്മിതികളും വാഗ്ദാനം ചെയ്തിരുന്ന ഈ കമ്പനിയെക്കുറിച്ച് 2024 ജനുവരിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കമ്പനിയുടെ ഉടമസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ പേസിക്, തനിക്ക് ഒന്റാരിയോയിലെ പ്രശസ്തമായ ഒരു കനേഡിയൻ ടിംബർ ഹോം കമ്പനിയുമായി ബന്ധമുണ്ടെന്ന് പല ഉപഭോക്താക്കളെയും വിശ്വസിപ്പിച്ചു.
ഇയാളുടെ വാക്ക് വിശ്വസിച്ച് ഉപഭോക്താക്കൾ കരാറുകളിൽ ഒപ്പിടുകയും നിർമ്മാണത്തിനായി പണം അഡ്വാൻസായി നൽകുകയും ചെയ്തു. എന്നാൽ പണം കൈപ്പറ്റിക്കഴിഞ്ഞാൽ പേസിക്കിനെ പിന്നീട് ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയായി. പണം നൽകിയവർക്ക് തങ്ങൾ ആവശ്യപ്പെട്ട വീടുകളോ മറ്റ് നിർമ്മിതികളോ ലഭിച്ചില്ല. 2020 പകുതിക്കും 2021 തുടക്കത്തിനും ഇടയിലാണ് ഈ തട്ടിപ്പുകൾ നടന്നത്.
നിരവധി ഉപഭോക്താക്കൾക്ക് ഈ ഇടപാടുകളിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടായി. ചിലർക്ക് 90,000 ഡോളർ വരെയാണ് നഷ്ടപ്പെട്ടത്. തട്ടിപ്പിനിരയായവർ സംഭവം പുറത്തറിയിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമായത്. പേസിക് നിലവിൽ സസ്‌കറ്റൂൺ പ്രദേശത്ത് ഒളിവിലാണെന്നാണ് പോലീസ് നിഗമനം.
കൂടുതൽ പേർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് RCMP വിശ്വസിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, അല്ലെങ്കിൽ സസ്‌കാച്ചെവാൻ ക്രൈം സ്റ്റോപ്പേഴ്സിലോ വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Timber home construction scam: Police intensify investigation for Saskatoon builder






