തൃശൂർ ; കയ്‌പ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി തമിഴ്‌നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പനമ്പിക്കുന്ന് സെന്ററിൽ ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന (20), സേലം സ്വദേശി വിശ്വ (20), ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), ജോഷ്വ (20), ഒറ്റൻഛത്രം സ്വദേശി യുവസഞ്ജിത് (21) എന്നിവരടക്കം ആറുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവധിക്കാലമായതിനാൽ കോളേജ് അധികൃതരെ അറിയിക്കാതെ സ്വന്തമായി പ്ലാൻ ചെയ്താണ് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്കിറങ്ങിയത്.
അപകടകരമായ രീതിയിലുള്ള അനധികൃത പാർക്കിങ്ങും അമിതവേഗതയുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് പ്രാഥമികമായി വിലയിരുത്തി. ഹൈവേയിൽ പാർക്കിങ് അനുമതിയില്ലാത്ത സ്ഥലത്ത് ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ചരക്കുലോറി നിർത്തിയിട്ടിരുന്നത്. ഇറക്കം ഇറങ്ങി എത്തിയ കാറിന് ലോറി കിടക്കുന്നത് മുൻകൂട്ടി കാണാൻ സൂചനാ ബോർഡുകളോ കൃത്യമായ തെരുവ് വെളിച്ചമോ ഉണ്ടായിരുന്നില്ല. ക്രൂരമായ ഈ അനാസ്ഥ തന്നെയാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്ന് പ്രദേശവാസികളും വ്യക്തമാക്കുന്നു. മുൻപ് നടൻ കൊല്ലം സുധി മരണപ്പെട്ട സ്ഥലത്തിന് നൂറ് മീറ്റർ മാത്രം അകലെയാണ് ഈ അപകടവും നടന്നിരിക്കുന്നത്.
ALSO READ ; ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം; തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും
ഇടിയുടെ ഭീകരമായ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നുതരിപ്പണമായി. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആറുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടുപേർ കൂടി ജീവൻ വെടിയുകയുമായിരുന്നു. അപകടസമയത്ത് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ ശബ്ദം കേട്ട് നാട്ടുകാർ വിളിച്ചുണർത്തിയതോടെ വാഹനം മാറ്റിയിട്ട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വിവരം അറിഞ്ഞ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും കോളേജ് അധികൃതരും കേരളത്തിലേക്ക് തിരിച്ചു.
ദേശീയപാതയിൽ ഇത്തരം അപകടമേഖലകളും അശാസ്ത്രീയ പാർക്കിങ്ങും തടയാൻ നേരത്തെ യോഗങ്ങൾ ചേർന്ന് കർശന നിർദേശം നൽകിയിരുന്നതായി മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു. അപകടം നടന്ന സ്ഥലം ഔദ്യോഗികമായി ബ്ലാക്ക് സ്‌പോട്ടിൽ പെട്ടതല്ലെങ്കിലും ദേശീയപാത നിർമ്മാണം നടക്കുന്നയിടങ്ങളിലെ അലക്ഷ്യമായ പാർക്കിങ് യാത്രക്കാർക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. ക്രമാതീതമായ ഈ നിയമലംഘനങ്ങൾക്കെതിരെയും അനാസ്ഥ കാണിച്ചവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് നാട്ടുകാർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









