തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും ഗ്രൂപ്പ് തർക്കങ്ങളും രൂക്ഷമായതോടെ എം.എൽ.എ രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ പരസ്യമായ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. കൈയാങ്കളിയിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ (എസ്.സി/എസ്.ടി ആക്ട് ഉൾപ്പെടെ) ചുമത്തി കേസെടുത്തിട്ടുണ്ട്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഔദ്യോഗിക യോഗത്തിൽ എം.എൽ.എയുടെ പി.എ പാളയം പ്രദീപ് പങ്കെടുത്ത് നിർദേശങ്ങൾ നൽകിയതിനെച്ചൊല്ലി പ്രാദേശിക നേതാക്കൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിമർശനം ഉന്നയിച്ചതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് സജാദ് എന്ന പ്രവർത്തകൻ ക്ഷമ ചോദിച്ച് നിർബന്ധപൂർവം വീട്ടിലേക്ക് ക്ഷണിച്ചതിനെത്തുടർന്നാണ് താൻ അവിടെയെത്തിയതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. എന്നാൽ അവിടെയെത്തിയപ്പോൾ അഞ്ചെട്ടു പേർ അനുവാദമില്ലാതെ വീഡിയോ പകർത്തി മോശമായി സംസാരിക്കുകയും “വന്നതുപോലെ തിരിച്ചുപോകാൻ കാലുണ്ടാകില്ല” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും, ഇതിനോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നും എം.എൽ.എ പറഞ്ഞു.
ALSO READ ; ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം; തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും
അതേസമയം, എം.എൽ.എയും പി.എയും വീട്ടിലെത്തി മർദിക്കുകയായിരുന്നുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം അടക്കമുള്ള എതിർവിഭാഗത്തിന്റെ ആരോപണം. സ്ഥാനാർഥി നിർണയ കാലം മുതൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ അടിച്ചേൽപ്പിച്ചു എന്ന പേരിൽ രമ്യ ഹരിദാസിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ അമർഷം നിലനിന്നിരുന്നു. എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫും പി.എയും ഭരണപരമായ കാര്യങ്ങളിലും വികസന പദ്ധതികളിലും അനാവശ്യമായി ഇടപെടുന്നുവെന്ന പരാതിയും, പ്രാദേശിക സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് തർക്കങ്ങളുമാണ് ഒടുവിൽ പരസ്യമായ സംഘർഷത്തിലും പൊലീസ് കേസിലും കലാശിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









