ഹാലിഫാക്സ്: കല, വിനോദസഞ്ചാരം,സാംസ്കാരിക മേഖലകൾക്കുള്ള സർക്കാർ ധനസഹായം വെട്ടിക്കുറച്ചതിനെതിരെ നോവ സ്കോഷ്യയിൽ ജനരോഷം ഇരമ്പുന്നു. പ്രീമിയർ ടിം ഹൂസ്റ്റന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രഖ്യാപിച്ച 130 മില്യൺ ഡോളറിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കലിനെതിരെ ആയിരക്കണക്കിന് ആളുകളാണ് ഹാലിഫാക്സിലെ പ്രൊവിൻസ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയത്.
നോവ സ്കോഷ്യ ആർട്‌സ് കൊളീഷന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രതിഷേധം ഹാലിഫാക്സിന് പുറമെ യാർമൗത്ത്, വുൾഫ്‌വിൽ, സിഡ്‌നി തുടങ്ങി ഒമ്പതോളം നഗരങ്ങളിലേക്കും വ്യാപിച്ചു. മിക്മാവ് കവി റെബേക്ക തോമസ്, കലാകാരനായ കെ മക്‌ഡൊണാൾഡ്, രാഷ്ട്രീയ നേതാക്കളായ ക്ലോഡിയ ചെൻഡർ, ഇയാൻ റാങ്കിൻ തുടങ്ങിയ പ്രമുഖർ റാലിയിൽ പങ്കെടുത്തു.
കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച 1.2 ബില്യൺ ഡോളറിന്റെ ബജറ്റിലാണ് 280-ലധികം സർക്കാർ ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിൽ കലാരംഗത്തെ ഫണ്ടിംഗിന് പുറമെ മിക്മാവ്, ആഫ്രിക്കൻ നോവ സ്കോട്ടിഷ്യ പ്രോഗ്രാമുകളും ഉൾപ്പെടുന്നു. പ്രസാധകർക്കുള്ള സഹായധനം നിർത്തലാക്കിയത് പ്രാദേശിക എഴുത്തുകാരുടെ ശബ്ദം ഇല്ലാതാക്കുമെന്ന് നോവലിസ്റ്റ് ബി.എം. മൈയേഴ്‌സ് കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാര മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകുന്നു. കലാരംഗത്ത് നിക്ഷേപിക്കുന്ന ഓരോ ഡോളറും നാലിരട്ടി വരുമാനം തിരികെ നൽകുന്നുണ്ടെന്ന് കൊളീഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. എച്ച്.എസ്.ടി (HST) നികുതി കുറയ്ക്കാനുള്ള സർക്കാരിന്റെ വാഗ്ദാനം പാലിച്ചപ്പോൾ ഉണ്ടായ 260 മില്യൺ ഡോളറിന്റെ വരുമാനനഷ്ടം നികത്താനാണ് സാംസ്കാരിക മേഖലയെ ബലികൊടുക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
WhatsAppFacebookCopy LinkShare
Thousands attend rally protesting Nova Scotia cuts to arts, tourism




