വാഷിങ്ടൺ : വിസ നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ദക്ഷിണാഫ്രിക്ക. യു.എസുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്ന് ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ബന്ധന സഹകരണ മന്ത്രി റൊണാൾഡ് ലാമോല വ്യക്തമാക്കി. ന്യൂയോർക്കിൽ യു.എൻ പൊതുസമ്മേളനത്തിനിടയിൽ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖനന മേഖലയിലെ വിദേശ നിക്ഷേപ നിയമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യു.എസുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അമേരിക്കയുടെ ഭാഗത്തുനിന്നും അപ്രതീക്ഷിതമായി വിസ നിയന്ത്രണങ്ങൾ ഉണ്ടായത്. ദക്ഷിണാഫ്രിക്കയുടെ നിയമങ്ങളും നയങ്ങളും ചൂണ്ടിക്കാട്ടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കമേൽ വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ഈ വിഷയത്തിൽ അമേരിക്കയുമായി യാതൊരുവിധ പ്രതികാര നടപടികൾക്കും ഇല്ലെന്ന് ലാമോല വ്യക്തമാക്കി.
കറുത്തവർഗ്ഗക്കാരുടെ തൊഴിലവസരങ്ങളും ഉടമസ്ഥാവകാശവും ലക്ഷ്യമിട്ടുള്ള ദക്ഷിണാഫ്രിക്കൻ നയങ്ങളെ ഡൊണാൾഡ് ട്രംപ് ഭരണകൂടം രൂക്ഷമായി വിമർശിച്ചിരുന്നു. ലാൻഡ് റിഫോം നയങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക കൊടുത്ത ജനവാസ കേസും യു.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ലാമോല പ്രതിരോധിച്ചു.
വെള്ളക്കാരായ ആഫ്രിക്കൻ വംശജർക്കായുള്ള യു.എസിന്റെ പുനരധിവാസ പദ്ധതിയെ വംശാധിഷ്ഠിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എന്നാൽ ഇതിൽ പങ്കെടുക്കുന്ന പൗരന്മാരെ തങ്ങൾ തടയില്ലെന്നും വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾ അവസാനിച്ചുവെന്ന യു.എസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ചർച്ചകൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ നയതന്ത്ര മേഖലയ്ക്ക് ചേർന്നവരല്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാനാകുമോ എന്നത് അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




