സ്പ്രിങ്ഡെയിൽ: സഹോദരന്റെ ചിതാഭസ്മമെന്ന് കരുതി കുടുംബക്കല്ലറയിൽ സംസ്കരിച്ചത് മറ്റൊരാളുടെ ചിതാഭസ്മം. ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലെ സ്പ്രിങ്ഡെയിലിലാണ് സംഭവം. രണ്ടാഴ്ചയ്ക്കുശേഷമാണ് ഫ്യൂണറൽ ഹോമിന് പിഴവ് തിരിച്ചറിഞ്ഞത്. പിന്നാലെ കുടുംബത്തിന്റെ അനുമതിയില്ലാതെ കല്ലറ തുറന്ന് ഭസ്മം മാറ്റിയതും വിവാദമായി.
കാൻസർ ബാധിച്ച് മരിച്ച 67കാരനായ ടെറി ക്രൗച്ചറിന്റെ ചിതാഭസ്മമാണ് മാറിപ്പോയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കർണൽസ് ഫ്യൂണറൽ ഹോമിൽ മൃതദേഹം ദഹിപ്പിച്ചശേഷം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചിതാഭസ്മം സ്പ്രിങ്ഡെയിലിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുകയായിരുന്നു.
ALSO READ: ഓന്റാരിയോ നിവാസികളെ അറിഞ്ഞോ? നവംബറിൽ വരാനിരിക്കുന്നത് 2 CRA പേയ്മെന്റുകൾ
എന്നാൽ രണ്ടാഴ്ചയ്ക്കുശേഷം ടെറിയുടെ സഹോദരി ടലീനയെ ഫ്യൂണറൽ ഹോം അധികൃതർ വിളിച്ചാണ് പിഴവ് അറിയിച്ചത്. മറ്റൊരാളുടെ ഭസ്മമാണ് കുടുംബത്തിന് കൈമാറിയതെന്നും ടെറിയുടെ ചിതാഭസ്മം ഫ്യൂണറൽ ഹോമിൽ ബാക്കിയുണ്ടെന്നും അധികൃതർ അറിയിച്ചു.
തുടർന്ന് കുടുംബത്തിന്റെ അനുമതിയില്ലാതെ അധികൃതർ കുടുംബക്കല്ലറ തുറന്ന് നേരത്തേ സംസ്കരിച്ച ഭസ്മം മാറ്റി. പകരം ടെറിയുടെ ചിതാഭസ്മം അവിടെ നിക്ഷേപിക്കുകയും ചെയ്തു.
സഹോദരന് അവസാനമായി യാത്രയയപ്പ് നൽകാനുള്ള അവസരം രണ്ടുതവണയും നഷ്ടമായതായി സഹോദരിമാരായ പെഗ്ഗിയും ടലീനയും സി.ബി.സി ന്യൂസിനോട് പറഞ്ഞു. കുടുംബം നൽകിയ പരാതിയിൽ എംബാംവേഴ്സ് ആൻഡ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബോർഡ് ഫ്യൂണറൽ ഹോമിന് ഔദ്യോഗിക ശാസന നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





