ഓട്ടവ: രാജ്യത്തെ ലോബ്‌സ്റ്റർ, ഞണ്ട് കയറ്റുമതിക്ക് ചൈനീസ് വിപണിയിൽ ലഭിച്ചിരുന്ന വ്യാപാര ഇളവുകൾ 2028 അവസാനം വരെ നീട്ടി. കാനോള ഉൽപ്പന്നങ്ങൾക്കും ഉണക്കപ്പയറിനും ലഭിച്ചിരുന്ന ഇളവുകളും തുടരും. ഈ വർഷം അവസാനിക്കാനിരുന്ന ആനുകൂല്യങ്ങളാണ് രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
നവംബർ 4-ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ജോയിന്റ് ഇക്കണോമിക് ആൻഡ് ട്രേഡ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. രാജ്യത്തിന്റെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ദുവും ചൈനയുടെ വാണിജ്യ മന്ത്രി വാങ് വെന്റാവോയുമാണ് യോഗത്തിന് നേതൃത്വം നൽകിയത്.
ALSO READ: അതിർത്തിയിലെ പരിശോധനയും തീരുവയും കുറയും; യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷയോടെ കാനഡ
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലബ്രഡോറിലെ സീഫുഡ് മേഖലയ്ക്കും തീരുമാനം ഗുണകരമാണ്. 2025-ൽ പ്രവിശ്യയിൽ നിന്ന് 221 ദശലക്ഷം ഡോളറിന്റെ കടൽവിഭവങ്ങളാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. പ്രവിശ്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് ചൈന.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ജനുവരിയിലെ ചൈന സന്ദർശനത്തിനിടെ രൂപപ്പെടുത്തിയ വ്യാപാര ധാരണയുടെ തുടർച്ചയായാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തുനിന്നുള്ള ഗോമാംസത്തിന്റെ ഇറക്കുമതിയും ചൈന പുനഃസ്ഥാപിച്ചിരുന്നു.
2030-ഓടെ ചൈനയിലേക്കുള്ള കയറ്റുമതി 50 ശതമാനം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മനീന്ദർ സിദ്ദു പറഞ്ഞു. അതേസമയം, ചെമ്മീൻ, ടർബോട്ട്, കടൽവെള്ളരി തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ചൈനീസ് വിപണിയിൽ വ്യാപാര ഇളവ് ലഭിക്കണമെന്നാണ് പ്രവിശ്യയിലെ സീഫുഡ് മേഖലയിലെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





