സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ആരോഗ്യ കേന്ദ്രങ്ങളിലെ രോഗവ്യാപനവും വർധിച്ച സാഹചര്യത്തിലാണ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) നിയന്ത്രണം പുനഃസ്ഥാപിച്ചത്. നവംബർ 4 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നു.
ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സേവകർ, ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നവർ, സന്ദർശകർ എന്നിവർ മാസ്ക് ധരിക്കണം. രോഗികൾക്കും താമസക്കാർക്കും പരിചരണം നൽകുന്ന എല്ലാ വിഭാഗങ്ങളിലും നിയന്ത്രണം ബാധകമാണ്.നഴ്സിംഗ് സ്റ്റേഷനുകൾ, ഇൻപേഷ്യന്റ് വാർഡുകൾ, ആംബുലേറ്ററി കെയർ സെന്ററുകൾ, ലോംഗ് ടേം കെയർ ഹോമുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
ALSO READ: കാലാവസ്ഥ മാറുന്നു, കാനഡയിൽ നവംബറിലും വിട്ടുമാറാതെ കൊതുകുശല്യം; പിന്നിൽ എൽ നിനോ പ്രതിഭാസം?
നിലവിലെ രോഗവ്യാപന സാഹചര്യം, വാക്സിനേഷൻ നിരക്ക്, രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ നൽകാനുള്ള ആരോഗ്യ സംവിധാനത്തിന്റെ ശേഷി എന്നിവ വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
രോഗവ്യാപന സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ഇടയ്ക്കിടെ അവലോകനം ചെയ്യും. നിലവിലെ നിർദേശം 2027 മാർച്ച് 31 വരെ തുടരാനാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഈ വർഷം ഒക്ടോബർ പകുതിയോടെ തന്നെ പ്രവിശ്യയിൽ ഇൻഫ്ലുവൻസ കേസുകൾ സാധാരണ നിലയേക്കാൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ വർഷവും ഫ്ലൂ സീസണിനിടെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. അന്ന് ഏർപ്പെടുത്തിയ നിയന്ത്രണം 2026 ഏപ്രിൽ ഒന്നിനാണ് പിൻവലിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





