കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡ്മീർ സെലെൻസ്‌കിയുടെ ജന്മനാടായ ക്രിവി റിയിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ഏഴുവയസ്സുകാരനും 20 വയസ്സുള്ള യുവതിയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ആറ് കുട്ടികളടക്കം 60 പേർക്ക് പരിക്കേറ്റതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു.
മിസൈൽ പതിച്ചതിനെത്തുടർന്ന് നഗരത്തിലെ നാല് ഇടങ്ങളിൽ വൻ തീപിടിത്തമുണ്ടായി. 25 അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഒരു ആശുപത്രി, നിരവധി സ്കൂളുകൾ, വ്യവസായ ശാല, കടകൾ, വാഹനങ്ങൾ എന്നിവ തകർന്നതായും സിറ്റി മേയർ ഒലെക്സാണ്ടർ വിൽകുൽ വ്യക്തമാക്കി.ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് റഷ്യയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്രിവി റിയിലെ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് രണ്ട് റഷ്യൻ മിസൈലുകളും ഒരു ഡ്രോണും പോളണ്ടിന്റെ വ്യോമാതിർത്തിയിൽ കടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തെക്കുകിഴക്കൻ പോളണ്ടിൽ യൂറോപ്യൻ സഖ്യകക്ഷികളുടെ സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെയുണ്ടായ ഈ സംഭവം റഷ്യയുടെ മനഃപൂർവമായ പ്രകോപനമാണെന്ന് പോളിഷ് പ്രധാനമന്ത്രി ആരോപിച്ചു.അതേസമയം ഖാർകിവ് മേഖലയിൽ നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 11 പേർക്കും കീവിൽ ഒരാൾക്കും പരിക്കേറ്റു. റഷ്യയിലെ ബ്രയാൻസ്ക്, ബെൽഗൊറോഡ് മേഖലകളിൽ യുക്രെയ്ൻ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഫിൻലൻഡ് ഉൾക്കടലിൽ രണ്ട് ഡ്രോണുകളുടെ ആക്രമണത്തിൽ റഷ്യൻ ചരക്കുകപ്പലിന് തീപിടിച്ചതും മേഖലയിൽ സംഘർഷം രൂക്ഷമാക്കി. കലിനിൻഗ്രാഡിലേക്ക് പോവുകയായിരുന്ന കപ്പൽ അപകടത്തെത്തുടർന്ന് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിന്ന് ഫിൻലൻഡിന്റെ സമുദ്രപരിധിയിലേക്ക് ഒഴുകിയെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംഘർഷം വീണ്ടും കടുക്കുന്നത്.
Russian missile attack on Ukraine





