ഓട്ടവ: ഇന്ത്യ ലോകത്തിന് മുന്നിൽ ഉയർന്നുവന്നത് സൈനിക അല്ലെങ്കിൽ സാമ്പത്തിക ശക്തി ആയിട്ടല്ല, മറിച്ച് ഉന്നതമായ നാഗരിക മൂല്യങ്ങൾ കൊണ്ടും ലോകത്തെ സേവിക്കാനുള്ള സന്നദ്ധത കൊണ്ടും ‘വിശ്വഗുരു’ ആയിട്ടാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. കാനഡയിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇന്ത്യയുടെ ആഗോള പങ്കിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യ വലുതായപ്പോഴൊക്കെ ഒരു മഹാശക്തിയാകാൻ ശ്രമിച്ചിട്ടില്ല. അതൊരു പ്രതാപമുള്ള രാജ്യമായി മാറി. തങ്ങളുടെ സ്വഭാവ മഹിമ കൊണ്ടാണ് അത് വിശ്വഗുരുവായത്, അല്ലാതെ അഹങ്കാരമുള്ള ഒരു മഹാശക്തിയായല്ല മാറിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കീഴടക്കലല്ല, അറിവ് പകരലാണ് ഭാരതീയ പാരമ്പര്യം
മറ്റു രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കാനോ മതം മാറ്റാനോ ഇന്ത്യ ഒരിക്കലും മുതിർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്സിക്കോ മുതൽ സൈബീരിയ വരെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വരെയും സഞ്ചരിച്ച ഭാരതീയർ നൽകിയത് അറിവും ഗണിതശാസ്ത്രവും ആയുർവേദവും സാംസ്കാരിക മൂല്യങ്ങളുമാണെന്നു മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന പരിപാടിക്ക് തൊട്ടുപിറ്റേന്നാണ് കാനഡയിലും ഭാഗവത് സംസാരിച്ചത്. വൈവിധ്യങ്ങൾക്കിടയിലെ ഏകത്വം കാത്തുസൂക്ഷിക്കുക എന്നതാണ് ഭാരതത്തിന്റെ ദർശനമെന്നും അത് പ്രസംഗത്തിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് ലോകത്തിന് കാട്ടിക്കൊടുക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹൈന്ദവതയും ‘വസുധൈവ കുടുംബകവും’
‘വസുധൈവ കുടുംബകം’ (ലോകം മുഴുവൻ ഒരു കുടുംബം) എന്ന സങ്കല്പം ഇതര സംസ്കാരങ്ങളെ സ്വന്തമായി കാണാൻ പഠിപ്പിക്കുന്നു. സ്വന്തം സുഖം മാത്രം നോക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും വിശാലമനസ്കർ ലോകത്തെ മുഴുവൻ കുടുംബമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദു’ എന്ന പദം ഏതെങ്കിലും ഒരു പ്രത്യേക ഭാഷയോ ആരാധനാക്രമമോ ജീവിതരീതിയോ അല്ല, മറിച്ച് നാഗരികമായ ഒരു കാഴ്ചപ്പാടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങൾ അനുഭവിച്ച പാഴ്സികൾക്കും ജൂതന്മാർക്കും അഭയം നൽകിയ ചരിത്രമാണ് ഭാരതത്തിനുള്ളത്. ലോകത്ത് എവിടെ പ്രതിസന്ധിയുണ്ടായാലും ചോദിക്കാതെ തന്നെ സഹായഹസ്തം നീട്ടുന്നത് ഭാരതത്തിന്റെ ഡി.എൻ.എയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: കാനഡ വിസ, പി.ആർ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്! IRCC-യുടെ പുതിയ പ്രോസസിംഗ് സമയം പുറത്ത്
ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ‘മൂന്നാം വഴി’
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം, വൻനാശശേഷിയുള്ള ആയുധങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളെക്കുറിച്ചും ആർ.എസ്.എസ് മേധാവി സംസാരിച്ചു. വ്യക്തിഗത സുഖവും സാമൂഹിക ക്ഷേമവും തമ്മിൽ കൂട്ടിമുട്ടുന്ന നിലവിലെ വികസന മാതൃകകൾക്ക് പകരം ഒരു ‘മൂന്നാം വഴി’ ഭാരതീയ സംസ്കാരത്തിന് മുന്നോട്ടുവെക്കാനുണ്ട്. പരിസ്ഥിതിയെക്കൂടി സംരക്ഷിച്ചുകൊണ്ട് വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ മുന്നേറാൻ സാധിക്കുന്ന ‘ധർമ്മ’ത്തിന്റെ വഴിയാണിത്. ഈ കാഴ്ചപ്പാട് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതെ, മാതൃകാപരമായ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





