ഓട്ടവ: കാനഡ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2026 ആഗസ്റ്റ് മാസത്തെ പുതുക്കിയ അപേക്ഷാ പ്രോസസിംഗ് സമയവിവരങ്ങൾ പുറത്തുവിട്ടു. എക്സ്പ്രസ് എൻട്രി, ഇൻലാൻഡ് വർക്ക് പെർമിറ്റ് എന്നിവയിൽ അപേക്ഷിച്ചവർക്ക് ആശ്വാസകരമായ മാറ്റങ്ങളുള്ളപ്പോൾ, സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റിനും വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷനും കാത്തിരിക്കുന്നവർക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്ന കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.
ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് അപേക്ഷകർക്കാണ്. ഇതിന്റെ പ്രോസസിംഗ് സമയം 25 മാസമായി ഉയർന്നു. 2026 മാർച്ച് മാസത്തിൽ കേവലം 3 മാസമായിരുന്ന കാത്തിരിപ്പ് സമയമാണ് അഞ്ച് മാസത്തിനുള്ളിൽ 22 മാസത്തോളം വർദ്ധിച്ചത്. നിലവിൽ 1,21,800-ഓളം അപേക്ഷകളാണ് ഈ വിഭാഗത്തിൽ ബാക്കിയുള്ളത്. അതേസമയം, സാധാരണ സിറ്റിസൺഷിപ്പ് ഗ്രാന്റ് അപേക്ഷകൾക്ക് 12 മാസത്തെ പ്രോസസിംഗ് സമയം മാറ്റമില്ലാതെ തുടരുന്നു.
സാമ്പത്തിക കുടിയേറ്റ വിഭാഗങ്ങളിൽ മികച്ച മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP) പ്രോസസിംഗ് സമയം ഒരു മാസം കുറഞ്ഞ് 6 മാസമായി മാറിയിട്ടുണ്ട്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) പ്രോസസിംഗ് സമയം 6 മാസമായി മാറ്റമില്ലാതെ തുടരുമ്പോൾ, എക്സ്പ്രസ് എൻട്രി പി.എൻ.പി പ്രോസസിംഗ് സമയം 7 മാസമാണ്. എന്നാൽ നോൺ-എക്സ്പ്രസ് എൻട്രി പി.എൻ.പി പ്രോസസിംഗ് സമയം 13 മാസമായി വർദ്ധിച്ചിട്ടുണ്ട്.
കാനഡയ്ക്ക് അകത്തുനിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകളുടെയും എക്സ്റ്റൻഷനുകളുടെയും സമയം 115 ദിവസമായി കുറഞ്ഞത് അപേക്ഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾക്ക് നിലവിൽ 32 ദിവസവും, സൂപ്പർ വിസയ്ക്ക് 61 ദിവസവുമാണ് പ്രോസസിംഗ് സമയം. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള സ്റ്റഡി പെർമിറ്റുകൾക്ക് 5 ആഴ്ചയും വർക്ക് പെർമിറ്റുകൾക്ക് 9 ആഴ്ചയുമാണ് ഇപ്പോഴത്തെ കാത്തിരിപ്പ് സമയം.
കാനഡയ്ക്കുള്ളിൽ തങ്ങി വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷനായി അപേക്ഷിച്ചവർക്ക് കാത്തിരിപ്പ് സമയം 416 ദിവസമായി തുടരുന്നു. കുടുംബ സ്പോൺസർഷിപ്പ് വിഭാഗത്തിൽ, കാനഡയ്ക്ക് പുറത്തുനിന്നുള്ള സ്പൗസ് സ്പോൺസർഷിപ്പ് അപേക്ഷകൾക്ക് 17 മാസവും കാനഡയ്ക്കുള്ളിലുള്ളവർക്ക് 27 മാസവുമാണ് പ്രോസസിംഗ് സമയം. മാതാപിതാക്കളെയും ഗ്രാന്റ് പേരന്റ്സിനെയും കൊണ്ടുവരാനുള്ള അപേക്ഷകൾക്ക് 29 മാസമായി സമയം കുറഞ്ഞിട്ടുണ്ട്.
ALSO READ: കാനഡയിലെ വിദേശ തൊഴിലാളിയാണോ? ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന രണ്ട് നിർണായക നിയമങ്ങൾ അറിയാം
അപൂർണ്ണമായ രേഖകൾ സമർപ്പിക്കുന്നതാണ് അപേക്ഷകൾ നിരസിക്കപ്പെടാനോ വൈകാനോ ഉള്ള പ്രധാന കാരണമായി IRCC ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ സമർപ്പിക്കുന്നതിന് മുൻപ് ആവശ്യമായ രേഖകളെല്ലാം കൃത്യമാണെന്ന് അപേക്ഷകർ ഉറപ്പുവരുത്തണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





