ഒന്റാരിയോ; കാനഡയിൽ താൽക്കാലിക വിസയിൽ കഴിയുന്ന രണ്ട് ലക്ഷത്തോളം പേർക്ക് 2027 അവസാനത്തോടെ സ്ഥിരതാമസം നൽകാൻ ഫെഡറൽ സർക്കാർ തീരുമാനം. ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ അവതരിപ്പിച്ച 2026-ലെ ബജറ്റിലാണ് ഈ പ്രധാന പ്രഖ്യാപനമുള്ളത്. രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള താൽക്കാലികക്കാരുടെ എണ്ണം കുറയ്ക്കാനും നിലവിൽ രാജ്യത്തുള്ള യോഗ്യരായ തൊഴിലാളികൾക്ക് സ്ഥിരതാമസം നൽകാനുമാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.
പുതിയ പ്രഖ്യാപനപ്രകാരം 2027 മുതൽ 2029 വരെയുള്ള വർഷങ്ങളിൽ പ്രതിവർഷം 3.8 ലക്ഷം പേർക്ക് വീതം സ്ഥിരതാമസവും 3.7 ലക്ഷം പേർക്ക് പുതിയ താൽക്കാലിക വിസയും നൽകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് പുതിയ ആളുകളുടെ വരവിൽ വലിയ കുറവുണ്ടാകും. 2024-ൽ നൽകിയതിനേക്കാൾ 21 ശതമാനം കുറവ് PR മാത്രമാണ് ഇനി അനുവദിക്കുക. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ താൽക്കാലികക്കാരുടെ അനുപാതം അഞ്ച് ശതമാനത്തിന് താഴെയെത്തിക്കുകയാണ് ലക്ഷ്യം.
ഇതിൽ ആദ്യ ഘട്ടമായി ഒരു ലക്ഷം തൊഴിലാളികൾക്ക് എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എന്നിവ വഴി പ്രവിശ്യകളുടെ സഹകരണത്തോടെ സ്ഥിരതാമസം നൽകും. ബാക്കി വരുന്ന ഒരു ലക്ഷം പേരുടെ മാനദണ്ഡങ്ങൾ ഇമിഗ്രേഷൻ വകുപ്പ് ഉടൻ വ്യക്തമാക്കും. കഴിഞ്ഞ രണ്ടുവർഷമായി വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും വരവ് കാനഡ വൻതോതിൽ കുറച്ചിരുന്നു. പുതിയ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവിൽ 71 ശതമാനവും വിദേശ തൊഴിലാളികളിൽ 57 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
ALSO READ: യു.എസ് ആശ്രയം അവസാനിപ്പിക്കുന്നു; ചരിത്ര ബജറ്റ് പ്രഖ്യാപിച്ച് കാനഡ
പുതിയ നയം വരുന്നതോടെ പുറത്തുനിന്നുള്ളവർക്ക് പുതിയ വിസ ലഭിക്കാൻ ബുദ്ധിമുട്ടാകുമെങ്കിലും, നിലവിൽ കാനഡയിൽ ജോലിയോ പഠനമോ ചെയ്യുന്നവർക്ക് സ്ഥിരതാമസം നേടാൻ കൂടുതൽ അവസരം ലഭിക്കും. ഉയർന്ന ശമ്പളമുള്ള തൊഴിലാളികൾക്ക് എക്സ്പ്രസ് എൻട്രിയിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





