ഫാലിഫാക്സ്: കാനഡയിലെ സർവ്വകലാശാലകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, ക്യാമ്പസ് ജീവിതത്തിന്റെ ആവേശത്തോടൊപ്പം കടുത്ത അക്കാദമിക്-സാമ്പത്തിക വെല്ലുവിളികളെയും അഭിമുഖീകരിക്കുകയാണ് നവാഗത വിദ്യാർത്ഥികൾ. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം മറ്റ് പ്രവിശ്യകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഏറ്റവും കൂടുതലായി എത്തുന്ന നോവ സ്കോഷ്യയിൽ, ഉയർന്ന വാടക, സാധനങ്ങളുടെ വിലക്കയറ്റം, വീട്ടിൽ വിന്ന് വിട്ടുനിൽക്കുന്നതിലുള്ള പ്രശ്നം, ഭാവി തൊഴിൽ അനിശ്ചിതത്വം എന്നിവ വിദ്യാർത്ഥികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു.
ഹാലിഫാക്സിലെ സെയ്ന്റ് മേരീസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ 17 വയസ്സുകാരനായ ഏലി ജോൺസ് ആദ്യമായാണ് കുടുംബത്തിൽ നിന്ന് മാറി ക്യാമ്പസ് റെസിഡൻസിൽ താമസിക്കുന്നത്. വീട്ടിൽ വിന്ന് വിട്ടുനിൽക്കുന്നതിലുള്ള പ്രശ്നവും അവസാന നിമിഷം മാത്രം പഠിക്കുന്ന ശീലവും തന്റെ പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഏലി. അതുപോലെ, മോൺട്രിയാലിലെ സിഇജിഇപി (CEGEP) കോഴ്സിന് ശേഷം ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ എത്തിയ 20 വയസ്സുകാരി എറിക്ക ഡി കരോളിസും സമാനമായ ഭയത്തിലാണ്. പുതിയ അന്തരീക്ഷവും പഠനഭാരവും ഉണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ലെന്ന് എറിക്ക വ്യക്തമാക്കുന്നു.
ട്യൂഷൻ ഫീസും ജീവിതച്ചെലവുമടക്കം തുടക്കത്തിൽ തന്നെ 20,000 ഡോളറിലധികം ചെലവ് വരുമെന്നാണ് വിദ്യാർത്ഥികൾ കണക്കാക്കുന്നത്. പലചരക്ക് സാധനങ്ങളുടെ കുതിച്ചുയരുന്ന വില തങ്ങളെ ഞെട്ടിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. വാടക, പാർട്ട് ടൈം ജോലി, അസൈൻമെന്റുകൾ കൃത്യസമയത്ത് പൂർത്തിയാക്കൽ, ഉയർന്ന ജി.പി.എ നിലനിർത്തൽ എന്നിവ ഒരേസമയം മാനേജ് ചെയ്യുന്നത് വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. കാനഡയിലെ പണപ്പെരുപ്പം കാരണം പാഠപുസ്തകങ്ങളുടെയും താമസത്തിന്റെയും ചെലവ് കുതിച്ചുയർന്നതോടെ പല വിദ്യാർത്ഥികളും ഭക്ഷണത്തിനും പഠന സാമഗ്രികൾക്കും ഇടയിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ട കടുത്ത പ്രതിസന്ധിയിലാണെന്ന് സെയ്ന്റ് മേരീസ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് അസോസിയേഷൻ (SMUSA) പ്രസിഡന്റ് ലിസ സഹീദ് ചൂണ്ടിക്കാട്ടുന്നു.
ഈ പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാനസിക-സാമ്പത്തിക പിന്തുണ നൽകാൻ സർവ്വകലാശാലകൾ മുൻകൈയെടുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് സഹായമായി മുതിർന്ന വിദ്യാർത്ഥികൾ, അധ്യാപകർ, ബജറ്റിംഗ് ക്രമീകരണങ്ങൾക്കായി ഫിനാൻഷ്യൽ അഡ്വൈസർമാർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ഡൽഹൗസി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വൈസ് പ്രൊവോസ്റ്റ് മെലിസ മക്കെ പറഞ്ഞു. അധ്യയനം ആരംഭിക്കുന്നതിന് മുൻപ് തന്നെ എറിക്ക സർവ്വകലാശാലയിലെ അക്കാദമിക് അഡ്വൈസറെ കണ്ട് സംസാരിക്കുകയും സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രത്യേക പഠന പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ALSO READ: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: അമേരിക്കൻ പുരോഹിതൻ കാനഡയിൽ അറസ്റ്റിൽ
പഠനം പൂർത്തിയാക്കിയ ശേഷമുള്ള തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും വിദ്യാർത്ഥികളെ അലട്ടുന്നുണ്ടെങ്കിലും നിലവിൽ മുന്നിലുള്ള കോഴ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പ്രശ്നങ്ങളും ആശങ്കകളും മറ്റുള്ളവരോട് പങ്കുവെക്കാനും സഹായം തേടാനും വിദ്യാർത്ഥികൾ മടിക്കരുതെന്ന് മൂന്ന് സർവ്വകലാശാലകളിൽ അധ്യാപകനായ എഡ് മക്ഹ്യൂ നിർദ്ദേശിക്കുന്നു. സഹായം ചോദിക്കുന്നത് ബലഹീനതയല്ലെന്നും വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ സർവ്വകലാശാലാ ജീവനക്കാരും അഡ്വൈസർമാരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





