വാഷിങ്ടൻ: കനേഡിയൻ വിമാന നിർമാതാക്കളായ ബോംബാർഡിയറിന് നിരോധനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. വിമാന നിർമാണം പൂർണ്ണമായും അമേരിക്കയിലേക്ക് മാറ്റിയില്ലെങ്കിൽ ബോംബാർഡിയർ ജെറ്റുകൾ ഇനി യുഎസിൽ വിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു ‘ട്രൂത്ത് സോഷ്യൽ’ വഴി ട്രംപ് മുന്നറിയിപ്പ് നൽകിയത്. ബോംബാർഡിയർ വിമാനങ്ങൾക്ക് നിലവാരമില്ലെന്നും അമേരിക്കയെ വെറുമൊരു സാമ്പത്തിക ഖജനാവായി കണ്ട് ലാഭം കൊയ്യുന്നത് അനുവദിക്കില്ലെന്നും ട്രംപ് തുറന്നടിച്ചിരുന്നു.
എന്നാൽ, ട്രംപിന്റെ ഈ ‘അമേരിക്ക ഫസ്റ്റ്’ നിലപാടിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെ ശക്തമായ എതിർപ്പാണ് ഉയരുന്നത്. കൻസാസിൽ നിന്നുള്ള മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ ജെറി മോറാൻ ട്രംപിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. കമ്പനിയെ നിരോധിക്കുന്നത് തങ്ങളുടെ സംസ്ഥാനത്തെയും അമേരിക്കൻ തൊഴിലാളികളെയും നേരിട്ട് ദോഷകരമായി ബാധിക്കുമെന്നാണ് സെനറ്ററുടെ വാദം. കൻസാസിലെ വിചിറ്റയിൽ മാത്രം ബോംബാർഡിയർ കമ്പനിയിൽ ആയിരത്തിലധികം വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കൂടാതെ, അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 2,800-ലധികം വിതരണക്കാർക്കായി പ്രതിവർഷം 2.5 ബില്യൻ ഡോളറിലധികം തുകയാണ് ബോംബാർഡിയർ ചെലവഴിക്കുന്നത്. യുഎസിന്റെ വ്യോമയാന-പ്രതിരോധ മേഖലകൾക്ക് ഈ കമ്പനിയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും ട്രംപ് ഭരണകൂടം പിന്മാറണമെന്ന ആവശ്യവുമായി സെനറ്റർ മോറാൻ രംഗത്തിറങ്ങിയതോടെ, വിഷയത്തിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









