ഓട്ടവ: ഒന്റാറിയോയിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി കൗമാരക്കാരൻ. സംഭവത്തിൽ പ്രതിയെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) കസ്റ്റഡിയിലെടുത്തു. ഓട്ടവയ്ക്ക് സമീപമുള്ള ഗ്ലെൻഗാരി മേഖലയിൽ കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്മെന്റ് ടീം രണ്ടിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി കുട്ടിയെ പിടികൂടിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ പ്രവർത്തിക്കുന്ന പ്രത്യേക പോലീസാണ് ഈ അന്വേഷണം നടത്തിയത്.
ആളുകൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലുള്ള നീക്കങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഉടനടി റെയ്ഡ് നടത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന തരത്തിലുള്ള സംശയാസ്പദമായ വിവരങ്ങളോ പെരുമാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കുട്ടി കൃത്യമായി എന്താണ് ചെയ്യാൻ ശ്രമിച്ചതെന്ന വിവരങ്ങളോ ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതിക്ക് 18 വയസ്സ തികയാത്തതിനാൽ, കാനഡയിലെ കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം (Youth Criminal Justice Act) കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്നും പോലീസ് ഉറപ്പുനൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









