മോൺട്രിയാൽ: തൊഴിലിടങ്ങളിലെ അമിത ഉഷ്ണതരംഗം കാരണം ക്യുബെക്കിലെ ഭൂരിഭാഗം തൊഴിലാളികളും നിർജ്ജലീകരണവും കടുത്ത ക്ഷീണവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി പുതിയ സർവേ റിപ്പോർട്ട്. പബ്ലിക് ഹെൽത്ത് കോയലിഷൻ്റെ ആവശ്യപ്രകാരം ലേഗർ നടത്തിയ ഓൺലൈൻ സർവേയിലാണ് 72 ശതമാനം ജീവനക്കാരും കഠിനമായ ചൂട് മൂലമുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്നതായി വ്യക്തമാക്കിയത്. തൊഴിലിടങ്ങളിൽ അടിയന്തരമായി കൂളിംഗ് സ്ട്രാറ്റജി നടപ്പിലാക്കണമെന്ന് സർവേയ്ക്ക് നേതൃത്വം നൽകിയ അസോസിയേഷൻ പോർ ലാ സാന്റെ പബ്ലിക് ദു ക്യുബെക്ക് ആവശ്യപ്പെട്ടു.
കെട്ടിടങ്ങളിലെ വെൻ്റിലേഷൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വെയിൽ നേരിട്ടടിക്കുന്നത് തടയുന്നതിനുമായി ബിൽഡിംഗ് കോഡിൽ ഭേദഗതി വരുത്തണം. കൂടാതെ, തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമിക്കാനും തണുപ്പേൽക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ജൂലൈ 10 നും 21 നും ഇടയിൽ ആയിരത്തിലധികം ആളുകളെ പങ്കാളികളാക്കിയാണ് സർവേ സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള തൊഴിലാളികൾ നേരിടുന്ന സമാനമായ സാഹചര്യമാണ് ക്യുബെക്കിലും കണ്ടുവരുന്നതെന്ന് പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ പാട്രിക് റോണ്ടോ പറഞ്ഞു.
2000-ത്തിന് ശേഷം അമേരിക്കൻ വൻകരകളിൽ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന തൊഴിൽപരമായ പരിക്കുകളിൽ 33 ശതമാനം വർദ്ധനവുണ്ടായതായി 2024-ലെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെ (ILO) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
“അമിതമായ ചൂടും അറ്റ്മോസ്ഫെറിക് പ്രഷറും മൂലമുണ്ടാകുന്ന ഹീറ്റ് സ്ട്രോക്ക് ശരീരത്തിലെ താപനില ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. ഇത് സ്ഥിരമായ ശാരീരിക വൈകല്യങ്ങൾക്കോ മരണത്തിനോ വരെ കാരണമാകാം,” പാട്രിക് റോണ്ടോ മുന്നറിയിപ്പ് നൽകി.
Also Read : കാനഡ പൗരത്വം വേണമെങ്കിൽ 3 വർഷം കാത്തിരിക്കണം; പ്രതിസന്ധിയിലായി ലക്ഷക്കണക്കിന് ആളുകൾ
കൃഷി, നിർമ്മാണം, തപാൽ മേഖല തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ആളുകളാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. എന്നാൽ ശരിയായ വെന്റിലേഷൻ സൗകര്യങ്ങളില്ലാത്ത അടച്ചിട്ട മുറികളിൽ ജോലി ചെയ്യുന്ന അലക്കുതൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ ഉളളകം തൊഴിലാളികളും വലിയ ആരോഗ്യരോഗ ഭീഷണിയിലാണെന്ന് പബ്ലിക് ഹെൽത്ത് കോയലിഷൻ ഡയറക്ടറായ സിറിൽ ഫ്രാസാവോ ചൂണ്ടിക്കാട്ടി.
ചൂട് തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അഞ്ചിലൊരാൾ വ്യക്തമാക്കിയതായി സർവേയിൽ പറയുന്നു. എന്നാൽ, ജോലി കൃത്യമായി പൂർത്തിയാക്കണമെന്ന തൊഴിൽ സംസ്കാരം നിലനിൽക്കുന്നതിനാൽ നിർമ്മാണ മേഖലയിലെയോ മുനിസിപ്പൽ സർവീസുകളിലെയോ തൊഴിലാളികൾ ദേഹാസ്വാസ്ഥ്യം അവഗണിച്ചും ജോലി തുടരുകയാണ്.
തൊഴിൽ സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്തുക, തൊഴിലിടങ്ങളിലെ താപനില ക്രമീകരിക്കുക, കൃത്യമായ ഇടവേളകൾ നിർബന്ധമാക്കുക എന്നിവയാണ് പരിഹാരമാർഗ്ഗങ്ങൾ. സർക്കാർ കെട്ടിടങ്ങളുടെ നവീകരണത്തിലും രൂപകൽപ്പനയിലും കൂളിംഗ് സംവിധാനങ്ങൾ ഉൾപ്പെടുത്തുകയും ബിൽഡിംഗ് കോഡ് പരിഷ്കരിക്കുകയും ചെയ്യുക. കാലാവസ്ഥാ വ്യതിയാനം മൂലം വരും വർഷങ്ങളിൽ ഉഷ്ണതരംഗം കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ അടിയന്തരമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









