ഒന്റാരിയോ: ഒന്റാരിയോയിലെ ബെല്ലെവില്ലെയിലുള്ള ‘സൺസ് ഓഫ് ജേക്കബ്’ സിനഗോഗിന് സമീപമുണ്ടായ വെടിവെപ്പിൽ ബെല്ലെവില്ലെ പൊലീസ് ഉദ്യോഗസ്ഥനും മറ്റൊരു വ്യക്തിക്കും പരിക്കേറ്റു. സെപ്റ്റംബർ 20 ഞായറാഴ്ച രാത്രി 7:10-ഓടെ ബ്ലീക്കർ, വിക്ടോറിയ അവന്യൂകൾ ഒന്നിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു വ്യക്തിയെ തടഞ്ഞുനിർത്തിയതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടൽ വെടിവെപ്പിൽ കലാശിക്കുകയായിരുന്നു.
വെടിയേറ്റ വ്യക്തി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാർ ഉൾപ്പെടുന്ന മരണങ്ങൾ, ഗുരുതര പരിക്കുകൾ, അല്ലെങ്കിൽ തോക്ക് ഉപയോഗം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്ര സിവിൽ ഏജൻസിയായ ഒന്റാരിയോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (SIU) സംഭവത്തിൽ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ പ്രദേശത്ത് മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ബെല്ലെവില്ലെ പൊലീസ്, അന്വേഷണം പുരോഗമിക്കുന്നതിനാൽ പൊതുജനങ്ങളോട് പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കാനും അടിയന്തര സേനയുടെ നിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചു.
Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ
യഹൂദ സമൂഹത്തിന്റെ പവിത്രമായ ‘യോം കിപ്പൂർ’ ചടങ്ങുകൾക്കായി വിശ്വാസികൾ സിനഗോഗിൽ ഒത്തുകൂടിയ സമയത്തുണ്ടായ ഈ സംഭവത്തെ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അപലപിച്ചു. ഏതു വിഭാഗത്തിനും ഭയരഹിതമായി ആരാധന നടത്താനുള്ള അവകാശമുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ പൊലീസുകാരന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ടൊറന്റോ പൊലീസ് നഗരത്തിലെ സിനഗോഗുകളിലും മറ്റ് ആരാധനാലയങ്ങളിലും സുരക്ഷയും പട്രോളിംഗും വർദ്ധിപ്പിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









