ഓട്ടവ : കാനഡയിൽ നിർബന്ധിത സൈനിക സേവനം നടത്തിയതിന്റെ പേരിൽ നൂറുകണക്കിന് ഇറാനിയൻ പൗരന്മാർ കടുത്ത നിയമപ്രശ്നങ്ങളെ നേരിടുന്നു. ഇറാനിലെ റെവല്യൂഷണറി ഗാർഡ് കോർപ്സിൽ (ഐ.ആർ.ജി.സി) മുൻപ് നിർബന്ധിത സേവനം അനുഷ്ഠിച്ചവരാണ് കാനഡയിൽ അഭയം തേടിയതിന് പിന്നാലെ ഈ പ്രതിസന്ധിയിലായിരിക്കുന്നത്. ടെഹ്‌റാൻ ഭരണകൂടത്തിന്റെ നിർബന്ധത്തിന് വഴങ്ങി മാത്രം സേനയുടെ ഭാഗമായവരെയും ഭീകരവാദികളായി മുദ്രകുത്തുന്ന ഔദ്യോഗിക നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ഇറാനിൽ ചെറുപ്പകാലത്ത് നിർബന്ധിത സൈനിക സേവനം ചെയ്യേണ്ടി വന്നതുമാത്രമാണ് ഇവർ ചെയ്ത തെറ്റ്. എന്നാൽ ഈ വിവരങ്ങൾ പെർമനന്റ് റസിഡൻസി അപേക്ഷകളിൽ സത്യസന്ധമായി വെളിപ്പെടുത്തിയവർക്ക് കാനഡ സർക്കാരിന്റെ പ്രൊസീജറൽ ഫെയർനെസ് ലെറ്ററുകൾ ലഭിച്ചുതുടങ്ങി. ആഗസ്റ്റ് ആദ്യവാരത്തിൽ മാത്രം നൂറുകണക്കിന് ആളുകൾക്കാണ് ഇത്തരത്തിലുള്ള നോട്ടീസുകൾ ലഭിച്ചത്. ഇതേത്തുടർന്ന് തങ്ങളുടെ ജോലി നഷ്ടപ്പെടുകയും ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തതായി ഹാലിഫാക്സിൽ കഴിയുന്ന കമ്പ്യൂട്ടർ എൻജിനീയർ മോസ്താഫ തസ്ബന്ദി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
കാനഡയുടെ ഈ നിലപാടിനെതിരെ അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിർബന്ധിത സേവനം അനുഷ്ഠിച്ചവരെയും ഭരണകൂടത്തിന്റെ ഭാഗമായ യഥാർത്ഥ അംഗങ്ങളെയും വേർതിരിച്ചു കാണുന്ന പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ കാനഡ യാതൊരു ഇളവുകളും നൽകാതെ കർശന നിലപാട് തുടരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഐ.ആർ.ജി.സിയെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ച 2024-ലെ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടികൾ.
തങ്ങൾ ഭരണകൂടത്തിന്റെ സജീവ പ്രവർത്തകരായിരുന്നില്ലെന്നും ഭരണകൂടത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചവരാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ജോലികളോ സാധാരണ ജോലികളോ മാത്രം ചെയ്ത കൺസ്ര്ക്റ്റുകളെക്കൂടി ഭീകരവാദികളായി ചിത്രീകരിക്കുന്നത് കനത്ത അനീതിയാണെന്നാണ് ബാധിതരുടെ പക്ഷം. നിലവിലെ നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ് അടിയന്തരമായി വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കണമെന്നാണ് കാനഡയിലെ ഇറാനിയൻ സമൂഹത്തിന്റെ ആവശ്യം.
ഈ വിഷയത്തിൽ ഫെഡറൽ കോടതിയുടെ സമീപനവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. മുൻപൊരു കേസിൽ കൺസ്ര്ക്റ്റുകളുടെ നിർബന്ധിത സേവനവും ‘അംഗത്വമായി’ കണക്കാക്കാമെന്ന വിധിയുണ്ടായതോടെ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്. കാനഡയെ വിശ്വസിച്ച് അഭയം പ്രാപിച്ച നൂറുകണക്കിന് ആളുകളുടെ ഭാവി ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബാധിത കുടുംബങ്ങൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








