ഓട്ടവ: അമേരിക്കയുമായി വ്യാപാരക്കരാർ പരാജയപ്പെട്ട സാഹചര്യത്തിൽ, വിഷയത്തിൽ ചർച്ച നടത്തുന്നതിനായി അടിയന്തരമായി പാർലമെന്റ് വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്രെ, പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നിരസിച്ച കരാറിന്റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്നും, അമേരിക്കൻ നടപടികൾക്ക് മറുപടിയായി കാനഡ നടപ്പിലാക്കുന്ന തിരിച്ചടി നയങ്ങൾ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രധാനമന്ത്രി കാർണിക്ക് അയച്ച കത്തിലാണ് പൊയ്ലിവ്രെ തന്റെ നിലപാട് വ്യക്തമാക്കിയത്.
കാനഡക്കാർക്ക് മുന്നിലുള്ള ഓപ്ഷനുകൾ കൃത്യമായി വിലയിരുത്താൻ നിരസിക്കപ്പെട്ട കരാറിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാർണിയുടെ വ്യാപാര-സാമ്പത്തിക നയങ്ങൾ കാരണം ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് ഉണ്ടാകുന്ന വിലക്കയറ്റം ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്നും, താരിഫുകൾ മൂലം ഭീഷണിയിലായ സ്റ്റീൽ, അലുമിനിയം, മരം, ഓട്ടോമൊബൈൽ മേഖലകളിലെ തൊഴിലുകൾ എങ്ങനെ സംരക്ഷിക്കുമെന്നും കത്തിൽ ചോദിക്കുന്നു.
ALSO READ: യു.എസ് താരിഫ് ഭീഷണി: കാനഡയിൽ 87,000 തൊഴിലവസരങ്ങൾ കുറഞ്ഞേക്കും; ഈ പ്രവിശ്യകൾക്ക് തിരിച്ചടി
സുസ്ഥിരമായ വ്യാപാരക്കരാർ ഉണ്ടാക്കുന്നതിൽ നേരിട്ട പരാജയവും വർദ്ധിച്ചുവരുന്ന താരിഫുകളും കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച മുതൽ $28 ബില്യൺ വിലമതിക്കുന്ന കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരുന്നു. എന്നാൽ കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മറ്റു രാജ്യങ്ങളുമായി കരാറിലേർപ്പെടുന്നതിനുള്ള നിയന്ത്രണങ്ങളും അമേരിക്ക മുൻപോട്ടുവെച്ചതോടെയാണ് ചർച്ചകളിൽ നിന്ന് പിന്മാറിയതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വിശദീകരിച്ചത്. സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് തിരിച്ചടിയായി താരിഫ് ഏർപ്പെടുത്തുമെന്നും കാർണി പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





