ഒട്ടാവ: കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക പുതിയ താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതോടെ രാജ്യത്ത് വലിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ട്രെവർ ടോംബ് നടത്തിയ വിശകലനം പ്രകാരം ഏകദേശം 87,000 കനേഡിയൻ തൊഴിലവസരങ്ങളാണ് ഭീഷണിയിലാകുന്നത്. ഇതിൽ 52,000 നേരിട്ടുള്ള തൊഴിലുകളും 35,000 അനുബന്ധ മേഖലകളിലെ തൊഴിലുകളുമാണ്.
യു.എസ് താരിഫുകൾ ഉയരുന്നതോടെ കനേഡിയൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി കുത്തനെ കുറയുകയും ഇത് ഉൽപ്പാദന മേഖല തകരാൻ ഇടയാക്കുകയും ചെയ്യും. 36,100 തൊഴിലുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒന്റാറിയോയെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക. തൊട്ടുപിന്നാലെ ക്യുബെക്കിൽ 18,300 പേർക്കും ബ്രിട്ടീഷ് കൊളംബിയയിൽ 11,200 പേർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മെഷിനറി, ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക്, റബ്ബർ, തടി, ഫർണിച്ചർ, ടെക്സ്റ്റൈൽ എന്നീ മേഖലകളെയാണ് ഇത് സാരമായി ബാധിക്കുന്നത്. കൂടാതെ, വിവിധ പ്രവിശ്യകൾ തമ്മിലുള്ള ആഭ്യന്തര വ്യാപാരത്തെ ആശ്രയിക്കുന്ന ആൽബർട്ട, സസ്കാച്വൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും ഈ സാമ്പത്തിക മാന്ദ്യം വ്യാപിക്കും.
പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി ബിസിനസുകൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും തൊഴിലാളികൾക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കണമെന്ന് കനേഡിയൻ ലേബർ കോൺഗ്രസ് ആവശ്യപ്പെട്ടു. എംപ്ലോയ്മെന്റ് ഇൻഷുറൻസ് വർദ്ധിപ്പിക്കുക, വേജ് സബ്‌സിഡികൾ നൽകുക, തൊഴിൽ സമയം കുറച്ച് ജോലി നിലനിർത്തുന്ന വർക്ക്-ഷെയറിംഗ് പദ്ധതികൾ നടപ്പിലാക്കുക എന്നിവയിലൂടെ ജീവനക്കാരെ പിരിച്ചുവിടലിൽ നിന്ന് രക്ഷിക്കണമെന്നാണ് ലേബർ ഗ്രൂപ്പുകളുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





