ഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം കാനഡയിലെ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര പകപോക്കലിന്റെയും മയക്കുമരുന്ന്-ആയുധ മാഫിയകളുടെ തർക്കങ്ങളുടെയും ഫലമാണെന്ന് കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ വ്യക്തമാക്കി. നിജ്ജാർ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗാങ്സ്റ്റർ ഗോൾഡി ബ്രാർ നടത്തുന്നതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരമ്ജിത് സിങ് പമ്മയും ഗോൾഡി ബ്രാറും തമ്മിൽ നടത്തുന്നതായി പ്രചരിക്കുന്ന ഈ സംഭാഷണത്തിൽ ആർഷ് ദല്ല, സുഖാ എന്നിവരുൾപ്പെടെയുള്ള മറ്റ് ക്രിമിനൽ സംഘാംഗങ്ങളും നിജ്ജാറും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ച് സൂചനകളുണ്ട്. ഈ ഓഡിയോയുടെ വിശ്വസനീയത സ്വതന്ത്രമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: യു.എസ് താരിഫ് ഭീഷണി: കാനഡയിൽ 87,000 തൊഴിലവസരങ്ങൾ കുറഞ്ഞേക്കും; ഈ പ്രവിശ്യകൾക്ക് തിരിച്ചടി
കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണെന്ന് സഞ്ജയ് വർമ്മ ആവർത്തിച്ചു. അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ല. നിജ്ജാർ, ഗോൾഡി ബ്രാർ, പമ്മ, ആർഷ് ദല്ല തുടങ്ങിയവരെല്ലാം തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മുൻനിർത്തി ഇന്ത്യ മുൻപ് തന്നെ യു.എ.പി.എ പ്രകാരം ഭീകരരായി പ്രഖ്യാപിച്ച വ്യക്തികളാണ്. കാനഡയിലെ മുൻ ഭരണകൂടം രാഷ്ട്രീയ ലാഭത്തിനായി ധൃതിപിടിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നും, എന്നാൽ നിലവിൽ ഇരുരാജ്യങ്ങളിലെയും അന്വേഷണ-രഹസ്യാന്വേഷണ ഏജൻസികൾ തമ്മിൽ മെച്ചപ്പെട്ട സഹകരണം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ അന്വേഷണ ഏജൻസികളായ ആർ.സി.എം.പി, സി.എസ്.ഐ.എസ് എന്നിവർ പുറത്തുവന്ന ഈ പുതിയ ഓഡിയോ ടേപ്പുകൾ വിശദമായി പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





