സമ്മർസൈഡ്: യുഎസുമായുള്ള വ്യാപാര സംഘർഷങ്ങളും തീരുവ സംബന്ധിച്ച അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് വിപണിയിലേക്ക് ശ്രദ്ധ തിരിച്ച് കാനഡയിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർ. പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ കയറ്റുമതിക്കാരാണ് പുതിയ വിപണികൾ കണ്ടെത്തുന്നതിനും ചൈനയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനുമായി ശ്രമം നടത്തുന്നത്.
ചൈനയിലെ ക്വിങ്ദാവോയിൽ നടന്ന ചൈന ഫിഷറീസ് ആൻഡ് സീഫുഡ് എക്സ്പോയ്ക്കു പുറമെ ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും വ്യാപാര കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചു. ചൈനീസ് ഇറക്കുമതിക്കാരുമായും വിതരണക്കാരുമായും നേരിട്ട് ബന്ധപ്പെടാൻ കയറ്റുമതിക്കാർക്ക് ഇതിലൂടെ അവസരം ലഭിച്ചു. മറ്റ് പ്രവിശ്യാ സ്ഥാപനങ്ങൾക്കൊപ്പം പങ്കിട്ട പ്രദർശന ബൂത്തിൽ 40 മുതൽ 50 വരെ സാധ്യതയുള്ള വാങ്ങുന്നവർ എത്തിയതായി ജെഎംകെ ഫിഷ് മാർട്ട് ഉടമ ബ്രൂസ് പാമർ പറഞ്ഞു.
ഇതിനിടെ, കനേഡിയൻ ലോബ്സ്റ്ററിനും ഞണ്ടിനും ചൈന ഏർപ്പെടുത്തിയ അധിക 25 ശതമാനം തീരുവ 2028 അവസാനം വരെ തുടരാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. നേരത്തെ ഈ ഇളവ് ഡിസംബറിൽ അവസാനിക്കേണ്ടതായിരുന്നു. കാലാവധി നീട്ടിയത് കയറ്റുമതിക്കാർക്ക് ആശ്വാസമായിട്ടുണ്ട്.
ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡയുടെ കണക്കുകൾ പ്രകാരം 2022 മുതൽ 2025 വരെ ചൈനയിലേക്കുള്ള കനേഡിയൻ മത്സ്യ-സമുദ്രോത്പന്ന കയറ്റുമതിയുടെ വാർഷിക ശരാശരി 1.3 ബില്യൺ ഡോളറായിരുന്നു. എന്നാൽ കാനഡയുടെ ഏറ്റവും വലിയ സമുദ്രോത്പന്ന വിപണിയായി യുഎസ് തുടരുകയാണ്. 2025ൽ 6.1 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് യുഎസ് വാങ്ങിയത്. ഇത് കാനഡയുടെ ആകെ സമുദ്രോത്പന്ന കയറ്റുമതിയുടെ 72 ശതമാനമാണ്.
Read more: ആൽബർട്ട ലോക ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ റഷ്യയ്ക്ക് കാനഡയുടെ വിലക്ക്; സ്ഥിരീകരിച്ച് IIHF
ചില സമുദ്രോത്പന്നങ്ങൾക്ക് ചൈനയുടെ തീരുവ ഇളവ് ബാധകമല്ല. Shrimp, prawns, clam meat, sea cucumber എന്നിവയ്ക്ക് അധിക തീരുവ തുടരുന്നുണ്ട്. സ്വന്തം ഉൽപ്പന്നങ്ങൾ നേരിട്ട് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ലൈസൻസ് നിലവിൽ ലഭിച്ചിട്ടില്ലെന്നും ജീവനുള്ള ലോബ്സ്റ്റർ, ഈൽ, ബ്ലൂഫിൻ ട്യൂണ എന്നിവയുടെ വിൽപ്പനയ്ക്കുള്ള അനുമതി നേടാൻ ശ്രമിക്കുകയാണെന്നും ബ്രൂസ് പാമർ വ്യക്തമാക്കി. പുതിയ വിപണികൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് കയറ്റുമതിക്കാർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





