ഷാർലറ്റ്ടൗൺ: വൈദ്യുതി ഉപഭോക്താക്കൾക്കായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനൊരുങ്ങി പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ. ഇതിനായി കൺസ്യൂമർ അഡ്വക്കേറ്റ് എന്ന പുതിയ തസ്തിക രൂപീകരിക്കും. മാരിടൈം ഇലക്ട്രിക്കിന്റെ നിരക്ക് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉപഭോക്താക്കളുടെ ഭാഗം അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ഇതുസംബന്ധിച്ച നിയമനിർമ്മാണം പ്രോഗ്രസീവ് കൺസർവേറ്റീവ് (പി.സി.) സർക്കാർ കൊണ്ടുവരും. വൈദ്യുതി വിതരണ കമ്പനിയായ മാരിടൈം ഇലക്ട്രിക് നിരക്ക് വർധനയ്ക്കോ വലിയ ഉപകരണങ്ങൾ വാങ്ങുന്നതിനോ അനുമതി തേടുമ്പോൾ ഐലൻഡ് റെഗുലേറ്ററി ആൻഡ് അപ്പീൽ കമ്മീഷനിൽ (IRAC) ഉപഭോക്താക്കൾക്കുവേണ്ടി വാദിക്കുകയാണ് പുതിയ പ്രതിനിധിയുടെ പ്രധാന ചുമതല.
READ MORE: പെട്രോൾ വില കണ്ണ് തള്ളും; പണപ്പെരുപ്പം മാറ്റമില്ല, സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്
സർക്കാരിൽനിന്ന് സ്വതന്ത്രമായിട്ടായിരിക്കും കൺസ്യൂമർ അഡ്വക്കേറ്റിന്റെ പ്രവർത്തനം. വൈദ്യുതി നിരക്കുകളുടെ താങ്ങാനാവുന്ന നിലവാരം, വിതരണത്തിലെ വിശ്വാസ്യത, സുസ്ഥിരത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എനർജി മിനിസ്റ്റർ ജിൽ ബറിഡ്ജ് പറഞ്ഞു. ദീർഘകാലമായി ഉയർന്നുവരുന്ന ആവശ്യമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും അവർ വ്യക്തമാക്കി.
മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഗാർഹിക, ചെറുകിട വ്യവസായ ഉപഭോക്താക്കളെ ബാധിക്കുന്ന വൈദ്യുതി സംബന്ധമായ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുക, പരാതികളും ചോദ്യങ്ങളും സ്വീകരിച്ച് പരിഹാരം കണ്ടെത്തുക എന്നിവയും ചുമതലകളാണ്. ആവശ്യമായ സാഹചര്യങ്ങളിൽ കമ്മീഷൻ നടപടികൾക്കായി വിദഗ്ധരുടെയും കൺസൾട്ടന്റുമാരുടെയും സഹായം തേടാം. ഓരോ സാമ്പത്തിക വർഷവും അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ വാർഷിക റിപ്പോർട്ടും സമർപ്പിക്കണം.
പുതിയ തസ്തിക പ്രവിശ്യയ്ക്ക് ഗുണകരമാകുമെന്ന് ഗ്രീൻ പാർട്ടി എം.എൽ.എ പീറ്റർ ബെവൻ-ബേക്കർ പറഞ്ഞു. മാരിടൈം ഇലക്ട്രിക്കിന്റെ അപേക്ഷകളിൽ ഇടപെടുന്നതിനായി മുമ്പ് വ്യക്തികൾക്ക് സ്വന്തം നിലയിൽ നൂറുകണക്കിന് മണിക്കൂറുകൾ ചെലവഴിക്കേണ്ടിവന്നിട്ടുണ്ടെന്നും പുതിയ സംവിധാനം ഈ സാഹചര്യം മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





