ടൊറന്റോ: ടൊറന്റോയിലെ ഡഫറിൻ ഗ്രോവ് പാർക്കിനോട് ചേർന്നുള്ള പാർക്കിങ് നിയമങ്ങളിലെ മാറ്റം ഭിന്നശേഷിക്കാരായ വാഹന ഉടമകളെ പ്രതികൂലമായി ബാധിച്ചതായി പരാതി. പാർക്കിലെ ദീർഘകാല സന്നദ്ധപ്രവർത്തകയായ എറെല്ല ഗാനോൻ (Erella Ganon) ആണ് നഗരസഭയുടെ പുതിയ പരിഷ്കാരത്തിനെതിരെ രംഗത്തുവന്നത്. ഡഫറിൻ പാർക്ക് അവന്യൂവിലെ പാർക്കിങ് നിയന്ത്രണം മൂലം തനിക്ക് സന്നദ്ധപ്രവർത്തനം ഉപേക്ഷിക്കേണ്ടി വരുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ പരിഹാരം കാണാൻ പ്രദേശവാസികളുമായി ചേർന്ന് ശ്രമിക്കുകയാണെന്ന് കൗൺസിലർ അലക്സാൻഡ്ര ബ്രാവോ അറിയിച്ചു.
പ്രദേശവാസികൾക്കും പാർക്ക് ജീവനക്കാർക്കും കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി കൗൺസിലർ അലക്സാൻഡ്ര ബ്രാവോ ഫെബ്രുവരിയിൽ നിർദേശിച്ച പരിഷ്കാരങ്ങളാണ് നിലവിൽ തർക്കത്തിന് കാരണമായത്. ഏപ്രിൽ അവസാനം കൗൺസിൽ പാസാക്കിയ പുതിയ നിർദേശപ്രകാരം തെരുവിന്റെ വടക്കുഭാഗം ‘നോ സ്റ്റോപ്പിങ്’ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഭിന്നശേഷി പെർമിറ്റുള്ളവർക്ക് ഇവിടെ വാഹനം നിർത്താനുള്ള അനുമതി ഇല്ലാതായി. ജൂലൈ 2-നാണ് പുതിയ ബോർഡുകൾ സ്ഥാപിച്ചതെന്നും ഈ മാറ്റം തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ഗാനോൻ ആരോപിച്ചു. നയരൂപീകരണ വേളകളിൽ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ പലപ്പോഴും അധികൃതർ അവഗണിക്കുകയാണെന്ന് സെന്റർ ഫോർ ഇൻഡിപെൻഡന്റ് ലിവിങ് ടൊറന്റോ എക്സിക്യൂട്ടീവ് ഡയറക്ടർ വെൻഡി പോർച്ച്, ടൊറന്റോ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ അപർണ നായർ എന്നിവർ വിലയിരുത്തി.
ഭിന്നശേഷിക്കാരായ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടായെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ വിഷയം വീണ്ടും പരിഗണനയ്ക്ക് എടുത്തതായി കൗൺസിലർ ബ്രാവോ ഇമെയിൽ വഴി അറിയിച്ചു. ജൂലൈ 8-ന് നടന്ന ടൊറന്റോ ആൻഡ് ഈസ്റ്റ് യോർക്ക് കമ്മ്യൂണിറ്റി കൗൺസിൽ യോഗത്തിൽ വടക്കുഭാഗത്തെ ‘നോ സ്റ്റോപ്പിങ്’ നിയമം ഒഴിവാക്കാനും തെക്കൻ ഭാഗത്ത് പുതിയ പാർക്കിങ് ഇടങ്ങൾ നിലനിർത്താനുമുള്ള ഭേദഗതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഈ തീരുമാനത്തിൽ തൃപ്തയല്ലെന്നും തെരുവിന്റെ ഇരുവശങ്ങളും പഴയതുപോലെ ഭിന്നശേഷി പെർമിറ്റുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് ഗാനോന്റെ ആവശ്യം. വരും ദിവസങ്ങളിൽ കൗൺസിലറുടെ പ്രതിനിധികളും ഗാനോനും തമ്മിൽ ചർച്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.
Parking reform: Complaint that the rights of the disabled were not considered
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





