ടൊറന്റോ: 21 വർഷമായി പ്രവർത്തിച്ചുവരുന്ന ടൊറന്റോയിലെ പ്രശസ്തമായ Southside Johnny’s Bar and Grill-ന്റെ മദ്യ ലൈസൻസ് ഒന്റാറിയോ അധികൃതർ റദ്ദാക്കി. സമീപത്തെ എൻകാമ്പ്മെന്റിൽ താമസിച്ചിരുന്ന സംഘത്തിൽ നിന്ന് മോഷ്ടിച്ച മദ്യം വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നാണ് Alcohol and Gaming Commission of Ontario (AGCO) നടപടി സ്വീകരിച്ചത്. ഈ തീരുമാനം Ontario Licence Appeal Tribunal ജൂലൈ 16-ന് ശരിവയ്ക്കുകയും ചെയ്തു.
അന്വേഷണത്തിൽ, ബാറിന്റെ ഉടമ ജോൺ തിയോദോറകാക്കിസ് (John Theodorakakis)യും മാനേജർ യാസ്മിൻ ഗോമസ് (Yasmin Gomes)യും മോഷ്ടിച്ചതാണെന്ന് അറിയാവുന്ന മദ്യക്കുപ്പികൾ നിരവധി തവണ വാങ്ങിയതായി കണ്ടെത്തി. 2025 മെയ് മാസത്തിൽ LCBO സ്റ്റോറുകളിൽ നിന്ന് മോഷ്ടിച്ച Appleton Estate Rum, Jägermeister തുടങ്ങിയ മദ്യക്കുപ്പികൾ എൻകാമ്പ്മെന്റുമായി ബന്ധമുള്ള ഒരാളിൽ നിന്ന് ബാറിലേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. മോഷ്ടിച്ച രണ്ട് റം ബോട്ടിലുകൾക്ക് 70 ഡോളർ നൽകിയതായി മാനേജരും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അവയുടെ യഥാർഥ വില 143.80 ഡോളറായിരുന്നു.
എന്നാൽ, ലാഭത്തിനല്ല മോഷ്ടിച്ച മദ്യം വാങ്ങിയതെന്നാണ് ഉടമയുടെ വാദം. എൻകാമ്പ്മെന്റിലെ ചിലർ ബാറിലെ ഉപഭോക്താക്കളെ ശല്യം ചെയ്യുകയും, മോഷ്ടിച്ച സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റുകൾ മോഷ്ടിക്കുക, വാഹനം തകർക്കുക, വേലിയിൽ ഗ്രാഫിറ്റി വരയ്ക്കുക, പൂച്ചെടികൾ നശിപ്പിക്കുക, ബാറിന്റെ പ്രവേശന കവാടത്തിൽ മനുഷ്യവിസർജ്യം ഉപേക്ഷിക്കുക തുടങ്ങി നിരവധി പ്രതികാര നടപടികൾ ഉണ്ടായെന്നും അദ്ദേഹം ട്രിബ്യൂണലിനെ അറിയിച്ചു. ഏകദേശം 5,000 മുതൽ 6,000 ഡോളർ വരെ നാശനഷ്ടമുണ്ടായതായും ജീവനക്കാരുടെയും സ്വന്തം സുരക്ഷയുടെയും പേരിലാണ് മോഷ്ടിച്ച മദ്യം വാങ്ങാൻ നിർബന്ധിതനായതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, മോഷ്ടിച്ച മദ്യം ഉപഭോക്താക്കൾക്ക് വിളമ്പിയെന്നതിന് മതിയായ തെളിവില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. എന്നിരുന്നാലും, മോഷ്ടിച്ചതാണെന്ന് അറിഞ്ഞുകൊണ്ട് ആവർത്തിച്ച് മദ്യം വാങ്ങിയത് ഗുരുതരമായ നിയമലംഘനമാണെന്നും പ്രശ്നം പരിഹരിക്കാൻ പോലീസിന്റെ സഹായം തേടുകയോ മറ്റ് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാമായിരുന്നുവെന്നും അഡ്ജുഡിക്കേറ്റർ ബ്രൂസ് സ്റ്റാൻടൺ ചൂണ്ടിക്കാട്ടി. “ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ സ്ഥാപനം നിയമം പാലിച്ചും സത്യസന്ധമായും പ്രവർത്തിക്കുമെന്ന വിശ്വാസം ഇനി നൽകാനാവില്ല” എന്ന നിരീക്ഷണത്തോടെയാണ് ലൈസൻസ് റദ്ദാക്കാനുള്ള AGCOയുടെ തീരുമാനം ട്രിബ്യൂണൽ നിലനിർത്തിയത്.
ലൈസൻസ് റദ്ദാക്കിയത് ബാറിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന നടപടിയാണെന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഇതിനിടെ, “വലിയ മാറ്റങ്ങളുമായി ഉടൻ തിരിച്ചെത്തും” എന്ന അറിയിപ്പോടെ ബാർ ഏതാനും ആഴ്ചകൾക്കായി താൽക്കാലികമായി അടച്ചിടുന്നതായി അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഉടമയോ അദ്ദേഹത്തിന്റെ നിയമസംഘമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
License of 21-year-old Toronto bar revoked for purchasing and storing stolen liquor.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






