ഹാലിഫാക്സ് : നോവ സ്കോഷ്യയിൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയയ്ക്കുള്ള കാത്തിരിപ്പ് സമയം നീളുന്നതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കു മുൻപുള്ള കൺസൾട്ടേഷനായി മാത്രം രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഹാലിഫാക്സ് സ്വദേശിയായ 75കാരൻ ബ്രൂസ് എർസ്കീന് സർജനെ കാണാൻ മാത്രം 500 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കാത്തിരിപ്പ് സമയം കുറഞ്ഞെങ്കിലും, ഡോക്ടറെ കാണുന്നതിനുള്ള നീണ്ട കാത്തിരിപ്പ് രോഗികളുടെ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് സമയം കഴിഞ്ഞ വർഷം കുറഞ്ഞതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ കഴിഞ്ഞ ജൂണിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫിസിഷ്യൻ കൺസൾട്ടേഷനുള്ള സമയം ഈ കണക്കുകളിൽ ഉൾപ്പെടുന്നില്ല. കൺസൾട്ടേഷനും ശസ്ത്രക്രിയയും ചേർത്തുള്ള മൊത്തത്തിലുള്ള കാത്തിരിപ്പ് സമയം പത്ത വർഷം മുൻപുള്ളതിനേക്കാൾ കൂടുതലാണ്. 2015ൽ 265 ദിവസമായിരുന്ന മൊത്തത്തിലുള്ള ശരാശരി കാത്തിരിപ്പ് സമയം 2025ൽ എത്തിയപ്പോൾ 292 ദിവസമായി വർദ്ധിച്ചു. കൺസൾട്ടേഷനായി മാത്രം രോഗികൾ കാത്തിരിക്കുന്ന സമയം ഇക്കാലയളവിൽ ഇരട്ടിയായി വർദ്ധിച്ചതാണ് പ്രധാന വെല്ലുവിളി.
Also Read:ഇനി ആരോഗ്യരേഖകൾ ഡോക്ടറുമായി എളുപ്പത്തിൽ പങ്കിടാം; ‘YourHealthNS’ ആപ്പിൽ പുതിയ സൗകര്യം
പ്രവിശ്യയിലെ ജനസംഖ്യയിലെ വർദ്ധനവും പ്രായമായവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് കൺസൾട്ടേഷൻ വൈകാൻ കാരണമെന്ന് നോവ സ്കോഷ്യ ഹെൽത്ത് അധികൃതർ വ്യക്തമാക്കുന്നു. റെക്കോർഡ് ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെങ്കിലും കൺസൾട്ടേഷൻ ബാക്ക്‌ലോഗ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പുതിയ കേന്ദ്രീകൃത ബുക്കിംഗ് സിസ്റ്റം നടപ്പിലാക്കിവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എങ്കിലും നിലവിലെ പ്രതിസന്ധി തങ്ങളെ മാനസികമായും ശാരീരികമായും തളർത്തുന്നതായി മാസങ്ങളായി കാത്തിരിക്കുന്ന രോഗികൾ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









