റിച്ച്മണ്ട് കൗണ്ടി: നോവ സ്കോഷ്യയിൽ വാരാന്ത്യത്തിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും റിച്ച്മണ്ട് കൗണ്ടിയിലെ ബ്രാസ് ഡി ഓർ തടാകതീരത്ത് കുടുംബങ്ങൾ ഒറ്റപ്പെട്ടു. റോഡുകൾ ഒലിച്ചുപോകുകയും പാലങ്ങൾ തകരുകയും ചെയ്തതിനെ തുടർന്ന് ‘ദ പോയിന്റ്സ് വെസ്റ്റ് ബേ’ പ്രദേശത്തുള്ളവരാണ് ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യതക്കുറവുമൂലം പുറംലോകം കാണാനാവാതെ കുടുങ്ങിപ്പോയത്. ലേബർ ഡേ വാരാന്ത്യത്തോടനുബന്ധിച്ച് മാതാപിതാക്കളെ സന്ദർശിക്കാനും പുതിയ പ്രോപ്പർട്ടി പരിശോധിക്കാനുമെത്തിയ വെൻഡി ബട്ട്‌ലറും കുടുംബവുമാണ് ദുരന്തത്തിൽ പെട്ടത്.
കഴിഞ്ഞ വാരാന്ത്യത്തിന്റെ തുടക്കത്തിൽ ബ്രാസ് ഡി ഓർ തടാകക്കരയിൽ 200 മില്ലിമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിയത്. കനത്ത മഴയെത്തുടർന്ന് സമീപത്തെ അരുവി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ റോഡുകളും പാലങ്ങളും തകരുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ 4:15-ഓടെയാണ് ഇവർ താമസിച്ചിരുന്ന ട്രെയിലറിലെ വൈദ്യുതി നിലച്ചത്. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാൻ പുറത്തിറങ്ങിയ വെൻഡിയുടെ ഭർത്താവ് ഭയത്തോടെ തിരിച്ചെത്തി ഉടൻതന്നെ സ്ഥലംവിടാൻ ആവശ്യപ്പെടുകയായിരുന്നു.
പെട്ടെന്ന് എഴുന്നേറ്റു പുറത്തുനോക്കിയപ്പോൾ ട്രെയിലറിന്റെ രണ്ടാമത്തെ പടിവരെ വെള്ളം ഉയർന്നിട്ടുണ്ടായിരുന്നുവെന്ന് വെൻഡി ഓർത്തെടുക്കുന്നു. സാധാരണയായി വളരെ വരണ്ട പ്രദേശമാണിത്. ഭർത്താവ് തങ്ങളുടെ രണ്ട് വളർത്തുനായ്ക്കളെയുംകൊണ്ട് ട്രക്കിലേക്ക് മാറിയെങ്കിലും റോഡിലൂടെ കുത്തൊഴുകിയെത്തിയ വെള്ളം കാരണം നേരം വെളുക്കുന്നതുവരെ വാഹനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നു. കനത്ത വേഗതയിൽ ഒഴുകിയെത്തിയ വെള്ളം തങ്ങളെയുംകൊണ്ട് ഒഴുക്കിക്കൊണ്ടുപോകുമോ എന്ന ഭയത്താൽ ഒന്നര മണിക്കൂറോളമാണ് അവർ വാഹനത്തിനുള്ളിൽ കഴിഞ്ഞത്.
വെൻഡിയുടെ മാതാപിതാക്കളുടെ വീടിന്റെ ബേസ്‌മെന്റിലും വെള്ളം കയറിയെങ്കിലും വലിയ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെട്ടു. എന്നാൽ, വെൻഡിയും ഭർത്താവും കഴിഞ്ഞ നാലു വർഷമായി കഷ്ടപ്പെട്ട് ഒരുക്കിയെടുത്ത പ്രോപ്പർട്ടിയും ആറ് ദിവസം മുമ്പ് മാത്രം സ്ഥാപിച്ച പുതിയ ട്രെയിലറും വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും തകർന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വെള്ളം കുറച്ചൊതുങ്ങിയത്. തുടർന്ന് മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ മാത്രമാണ് ഇവരുടെ പ്രോപ്പർട്ടിയിൽ നിന്ന് തിരിച്ചുപിടിക്കാൻ സാധിച്ചത്.
സമീപത്തെ റോബർട്ട, സെന്റ് ജോർജസ് ചാനൽ എന്നിവിടങ്ങളിലെ റോഡുകൾ ഒലിച്ചുപോയതിനാൽ പ്രദേശവാസികൾക്ക് ഏതാനും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വളർത്തുനായ്ക്കൾക്കുള്ള ആഹാരവും തനിക്കും അമ്മയ്ക്കും വേണ്ട മരുന്നുകളും തീരുന്നതിന്റെ ആശങ്കയിലാണ് ഈ കുടുംബം. പ്രദേശം പൂർവസ്ഥിതിയിലാകാൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എങ്കിലും എത്രയും പെട്ടെന്ന് പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയിലാണ് ഒറ്റപ്പെട്ട പ്രദേശവാസികൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








