വാഷിംഗ്ടൺ; അമേരിക്കൻ വ്യോമയാന മേഖലയിൽ വിമാന സർവീസുകൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചട്ടങ്ങളിൽ യുഎസ് ഗതാഗത വകുപ്പ് (DOT) വരുത്തിയ പുതിയ ഭേദഗതികൾ അന്താരാഷ്ട്ര യാത്രികർക്ക് വലിയ സാമ്പത്തിക ബാധ്യതയും അനിശ്ചിതത്വവും വരുത്തിവെക്കുമെന്ന് ആശങ്ക. പുതിയ നിയമപ്രകാരം, മുൻകൂട്ടി പ്രതീക്ഷിക്കാത്ത സാങ്കേതിക തകരാറുകൾ, കമ്പ്യൂട്ടർ-സൈബർ തടസ്സങ്ങൾ, പ്രകൃതിദുരന്തങ്ങൾ, വിമാനത്തിനുള്ളിൽ യാത്രികരുടെ മരണം സംഭവിക്കൽ തുടങ്ങിയ 10 തരത്തിലുള്ള പ്രതിസന്ധികളെ ഇനി എയർലൈനുകളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളായി (Outside airline control) കരുതും. ഇതിൻ്റെ ഫലമായി, സാങ്കേതിക തകരാറുകൾ മൂലം മണിക്കൂറുകളോളം വിമാനം വൈകിയാൽ പോലും യാത്രക്കാർക്ക് ഹോട്ടൽ വൗച്ചറോ സൗജന്യ ഭക്ഷണ സഹായമോ റീഫണ്ടോ നൽകാനുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് വിമാനക്കമ്പനികൾ പൂർണ്ണമായി ഒഴിവാക്കപ്പെടും.
യഥാർത്ഥത്തിൽ കഴിഞ്ഞ ഒക്ടോബർ 19-ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ഈ സർക്കുലർ 2027 ഫെബ്രുവരി 1 മുതലായിരിക്കും പൂർണ്ണമായി നടപ്പിലാക്കുക എന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്കുള്ളിൽ യാത്ര ചെയ്യുന്നവർക്കും, അമേരിക്കയിലേക്ക് പോകുന്നവർക്കും, യുഎസ് വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ സഞ്ചരിക്കുന്നവർക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. കാനഡയിൽ നിന്നുള്ള യാത്രികർക്ക് സ്വന്തം രാജ്യത്തെ കനേഡിയൻ എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് (APPR) പ്രകാരമുള്ള പ്രാഥമിക അവകാശങ്ങൾ നിലനിൽക്കുമെങ്കിലും, കാനഡയിലെ യാത്രാ നിയമങ്ങൾ കൂടുതൽ സങ്കീർണ്ണവും നടപ്പിലാക്കാൻ പ്രയാസമുള്ളതുമാണെന്ന് വ്യോമയാന വിദഗ്ദ്ധനായ ഗാബോർ ലൂക്കാസ് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, പുതിയ പരിഷ്കാരം വൻതോതിൽ യാത്രക്കാരെ ചൂഷണം ചെയ്യുന്നതാണെന്ന് ആരോപിച്ച് വിമാന യാത്രികരുടെ അവകാശ സംരക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. വിമാനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലമുണ്ടാകുന്ന അടിയന്തിര തകരാറുകളുടെ ഉത്തരവാദിത്തം പോലും യാത്രക്കാരുടെ തലയിൽ കെട്ടിവെച്ച് വിമാനക്കമ്പനികളുടെ സാമ്പത്തിക ലാഭം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യാത്രക്കാരുടെ അന്താരാഷ്ട്ര സംഘടനയായ ‘ഫ്ലയേഴ്സ് റൈറ്റ്സ്’ ആരോപിച്ചു. ഇതിനെതിരെ സംഘടന യുഎസ് ഗതാഗത വകുപ്പിനെതിരെ കോടതിയിൽ ഹർജി നൽകി നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസ് വഴി യാത്ര പ്ലാൻ ചെയ്യുന്നവർ അധിക ചെലവുകൾ ഒഴിവാക്കാൻ സ്വന്തമായി ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





