എഡ്മന്റൺ: പടിഞ്ഞാറൻ കാനഡയിലെ ജനങ്ങൾ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റേണ്ടതില്ല. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, വടക്കുപടിഞ്ഞാറൻ ഒന്റാറിയോ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നിവ സമയമാറ്റം ഒഴിവാക്കി സ്ഥിരമായി ‘ഡേലൈറ്റ് ടൈമിലേക്ക്’ മാറാൻ തീരുമാനിച്ചതോടെ കാനഡയിൽ പുതിയ ടൈംസോൺ നിലവിൽ വന്നു. സസ്കാച്ചെവൻ നേരത്തെ തന്നെ ക്ലോക്ക് മാറ്റം ഒഴിവാക്കിയ പ്രദേശമാണ്.
ഞായറാഴ്ച നിലവിൽ വന്ന ഈ മാറ്റം മാതാപിതാക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സമയമാറ്റം കുട്ടികളുടെ ഉറക്കത്തെയും ദിനചര്യകളെയും ബാധിച്ചിരുന്നുവെന്നും ഇനി അത് നേരിടേണ്ടി വരില്ലെന്നതും സന്തോഷകരമാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നത് മികച്ച തീരുമാനമാണെന്ന് പ്രദേശവാസികളും അഭിപ്രായപ്പെട്ടു.
എന്നാൽ ഈ മാറ്റം ബിസിനസ് മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഉപഭോക്താക്കൾ പുതിയ സമയം തെറ്റിച്ചാൽ അപ്പോയിന്റ്മെന്റുകൾ മുടങ്ങുമെന്നും ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും വ്യാപാരികൾ ഭയപ്പെടുന്നു.
മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും സമയം തെറ്റായി കാണിക്കുന്നത് തുടക്കത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഫോൺ സെറ്റിങ്സിൽ ‘Set time zone automatically’ ഓൺ ചെയ്ത് ഫോൺ റീസ്റ്റാർട്ട് ചെയ്യാൻ ടെലികോം കമ്പനിയായ ‘Telus’ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. അതേസമയം ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സാങ്കേതിക ഭീമന്മാർ സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
എയർലൈൻ സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര സമയക്രമം പാലിക്കുന്നതിനാൽ എയർ കാനഡയുടെ സർവീസുകൾ സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ALSO READ: കാനഡയിലെ ‘നൈറ്റ്ലൈഫ്’ നഗരങ്ങളിൽ ഒന്നാമത് ലണ്ടൻ തന്നെ ; ഊബർ സർവേ റിപ്പോർട്ട് പുറത്ത്
അതേസമയം, വരും മാസങ്ങളിൽ രാവിലെകളിൽ ഇരുട്ട് കൂടുതലായിരിക്കുമെന്നത് വിദ്യാർത്ഥികളുടെയും ജോലിക്കാരുടെയും യാത്രയെയും റോഡ് സുരക്ഷയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





