ഹാലിഫാക്സ്: നോവ സ്‌കോഷ്യയിലെ അനധികൃത വിപണിയിൽ വീര്യമേറിയ പുതിയ മയക്കുമരുന്ന് മിശ്രിതങ്ങൾ എത്തുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ അമിത അളവ് മൂലമുള്ള ശാരീരിക പ്രശ്നങ്ങളും മരണങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഹാലിഫാക്സിലെ നോർത്ത് എൻഡിൽ പ്രവർത്തിക്കുന്ന ‘ഡയറക്ഷൻ 180’ എന്ന ഒപിയോയ്ഡ് ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞ കുറച്ചുകാലമായി സഹായം തേടിയെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്ഹെർസ്റ്റ് മേഖലയിൽ ഈ മാസത്തിന്റെ തുടക്കത്തിൽ അസാധാരണമായ ഓവർഡോസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം ശക്തമാക്കിയത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം കൊക്കെയ്ൻ പോലുള്ള ലഹരിവസ്തുക്കളിൽ മാരകമായ ഫെന്റനിൽ, സൈലസൈൻ, മൃഗങ്ങൾക്ക് നൽകുന്ന മെഡെറ്റോമിഡിൻ തുടങ്ങിയ രാസവസ്തുക്കൾ കലർത്തുന്നതായാണ് സംശയിക്കുന്നത്. ഇത് ഉപയോഗിക്കുന്നവരിൽ പെട്ടെന്ന് കടുത്ത മയക്കവും ബോധക്ഷയവും ഉണ്ടാകുന്നുവെന്ന് നോർത്തേൺ സോൺ റീജിയണൽ മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റിൻ മ്യൂക്കെ വ്യക്തമാക്കി. ലഹരി വിതരണ ശൃംഖലയിൽ വന്ന ഇത്തരം മാറ്റങ്ങൾ ഉപഭോക്താക്കളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഓവർഡോസ് ബാധിച്ചവർക്ക് നൽകാനുള്ള ‘നലോക്സോൺ’ മരുന്നിന്റെ ഉപയോഗം ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഒപിയോയ്ഡ് ഇതര മരുന്നുകൾ കലർന്ന മിശ്രിതങ്ങളിൽ നലോക്സോൺ പൂർണ്ണമായി ഫലപ്രദമാകണമെന്നില്ലാത്തതിനാൽ രോഗിയെ തുടർന്നും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
പ്രവശ്യയിൽ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലൂടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സൗജന്യമായി നലോക്സോൺ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഹെൽത്ത് കാർഡോ ഡോക്ടറുടെ കുറിപ്പടിയോ ഇല്ലാതെ തന്നെ ഫാർമസികളിൽ നിന്നും ഈ കിറ്റുകൾ വാങ്ങാം. കൂടാതെ, ഇത് ഉപയോഗിക്കാനുള്ള പത്ത് മിനിറ്റ് നീളുന്ന പരിശീലനവും ഇവിടെ നിന്നും ലഭിക്കും. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ മാത്രം ഏഴായിരത്തിലധികം കിറ്റുകളാണ് വിതരണം ചെയ്തത്. ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിയാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കുമെന്നും, ഓവർഡോസ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ ‘911’ എന്ന നമ്പറിൽ വിളിക്കുന്നവർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New deadly mixtures on the illegal drug market in Nova Scotia; Health Department issues cautionary advice





