സസ്‌കാച്ചെവാൻ; സസ്‌കാച്ചെവാനിലെ തൊഴിൽ വിപണിയിൽ അനുകൂലമായ മാറ്റങ്ങളുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 2025 ജൂണുമായി താരതമ്യം ചെയ്യുമ്പോൾ 2026 ജൂണിൽ യുവജന തൊഴിലവസരങ്ങൾ 2,400 എണ്ണം വർധിച്ചതായി റിപ്പോർട്ട് പറയുന്നു. അതേസമയം, യുവ തൊഴിലില്ലായ്മ നിരക്ക് 11.1 ശതമാനമായി കുറഞ്ഞു. മേയ് മാസത്തിൽ ഇത് 13.2 ശതമാനവും കഴിഞ്ഞ വർഷം ജൂണിൽ 12.1 ശതമാനവുമായിരുന്നു.
ദേശീയ ശരാശരിയായ 12.7 ശതമാനത്തേക്കാൾ താഴെയാണ് സസ്‌കാച്ചെവാനിലെ യുവ തൊഴിലില്ലായ്മ നിരക്ക്. കൂടാതെ, പ്രവിശ്യകളിൽ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ യുവ തൊഴിലില്ലായ്മ നിരക്കെന്ന നേട്ടവും സസ്‌കാച്ചെവാൻ സ്വന്തമാക്കി. സംസ്ഥാനത്തെ മൊത്തം തൊഴിൽ മേഖലയിലും പുരോഗതി രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ 3,400 പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു.
സസ്‌കാച്ചെവാനിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 6.5 ശതമാനത്തേക്കാൾ കുറവാണ്. മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ സീസണൽ ക്രമീകരണത്തിന് ശേഷമുള്ള തൊഴിൽനിരക്ക് 2,900 പേർ കൂടി ഉയർന്നതായും, ഈ വളർച്ചയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രവിശ്യകളിൽ രണ്ടാം സ്ഥാനത്താണ് സസ്‌കാച്ചെവാനെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ വ്യവസായ മേഖലകളിലും തൊഴിൽ വർധന പ്രകടമായി. താമസ-ഭക്ഷണ സേവന മേഖലയിൽ 2,700 പുതിയ തൊഴിലവസരങ്ങളും, ആരോഗ്യ-സാമൂഹിക സേവന മേഖലയിൽ 2,400 ജോലികളും, ധനകാര്യ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ലീസിംഗ് മേഖലകളിൽ 1,600 തൊഴിലവസരങ്ങളും ഒരു വർഷത്തിനിടെ കൂടി. ഇതിനൊപ്പം, 2025 മേയ് മുതൽ 2026 മേയ് വരെ സസ്‌കാച്ചെവാന്റെ ചരക്ക് കയറ്റുമതി 36.4 ശതമാനം ഉയർന്നതും, 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം കയറ്റുമതിയിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതും സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിന് കരുത്തേകുന്നതായി വിലയിരുത്തപ്പെടുന്നു. ഭവന നിർമാണം ആരംഭിച്ച പദ്ധതികളുടെ വളർച്ചയിലും സസ്‌കാച്ചെവാൻ രാജ്യത്തെ മുൻനിര പ്രവിശ്യകളിൽ ഒന്നായി തുടരുകയാണ്.
More jobs for young people; employment opportunities rising in Saskatchewan.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






