ടൊറന്റോ: ടൊറന്റോയിൽ 14 വയസ്സുകാരി എസ്തറിനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. കഴിഞ്ഞ മെയ് 15-ന് രാത്രിയാണ് കുട്ടിയെ അവസാനമായി കാണാതായത്. മകളെ കണ്ടെത്താനായി പോലീസ് സംവിധാനങ്ങൾക്ക് പുറമെ മാതാപിതാക്കളും പ്രാദേശിക സമൂഹവും ഒന്നടങ്കം തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. ഒരു പിതാവ് എന്ന നിലയിലുള്ള വൈകാരിക സമ്മർദ്ദങ്ങൾ മാറ്റിവെച്ച്, ഒരു ഡിറ്റക്ടീവിനെപ്പോലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ആളുകളോട് വിവരങ്ങൾ ചോദിച്ചും മകൾക്കായി രാപ്പകൽ തെരച്ചിൽ നടത്തുകയാണ് എസ്തറിന്റെ പിതാവ് ജോസഫ്.
മെയ് 15-ന് രാത്രി 11:30 ഓടെ ബാതർസ്റ്റ് സ്ട്രീറ്റിനും ഷെപ്പാർഡ് അവന്യൂ വെസ്റ്റിനും സമീപമുള്ള ‘ഏൾ ബെയ്ൽസ്’ പാർക്കിലാണ് എസ്തറിനെ ആദ്യം കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് 16-ന് പുലർച്ചെ 12:01-ന് ഹൈവേ 401-ന് തെക്കുള്ള ബാതർസ്റ്റ് സ്ട്രീറ്റിലും ഹോട്സ്പൂർ റോഡിലും കുട്ടിയെ കണ്ടതായി ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. മുൻപ് കരുതിയിരുന്ന സ്ഥാനത്തുനിന്നും രണ്ട് കിലോമീറ്ററിലധികം അകലെയാണിത്.
അഞ്ച് അടി രണ്ടിഞ്ച് ഉയരവും തവിട്ടുനിറമുള്ള മുടിയുമുള്ള എസ്തർ, കാണാതാകുന്ന സമയത്ത് നീലനിറത്തിലുള്ള സ്വെറ്ററും ചാരനിറത്തിലുള്ള അയഞ്ഞ ട്രാക്ക് പാന്റ്സുമാണ് ധരിച്ചിരുന്നത്. വീട്ടിൽ നിന്നിറങ്ങുമ്പോൾ കുട്ടി ചെരുപ്പ് ധരിച്ചിരുന്നില്ലെന്നും മൊബൈൽ ഫോൺ കൈവശം കരുതിയിരുന്നില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു.
കുട്ടിയുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് ടൊറന്റോ ഡ്യൂട്ടി ഇൻസ്പെക്ടർ ജോൺ റോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളിൽ പ്രഖ്യാപിക്കുന്ന ‘ലെവൽ വൺ’ വിഭാഗത്തിലാണ് ഈ കേസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് മറൈൻ യൂണിറ്റ്, പോലീസ് നായകൾ, കുതിരപ്പട എന്നിവയുൾപ്പെടെയുള്ള എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ടൊറന്റോ നഗരത്തിൽ പ്രത്യേക കമാൻഡ് പോസ്റ്റ് സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറും (647-355-4148) ക്യു.ആർ കോഡ് സംവിധാനവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
എസ്തറിന് മുൻപ് ഓട്ടിസം സ്ഥിരീകരിച്ചിട്ടുള്ള വിവരം മാതാപിതാക്കൾ ഇപ്പോഴാണ് പരസ്യമാക്കിയത്. കുട്ടിയുടെ സ്വകാര്യതയെ മാനിച്ചാണ് ഇതുവരെ ഈ വിവരം രഹസ്യമാക്കിവെച്ചതെന്നും എന്നാൽ ഒരു വാരം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഇത് വ്യക്തമാക്കുന്നതെന്നും മാതാവ് ഷിര പറഞ്ഞു. അപരിചിതരോട് സംസാരിക്കുമ്പോൾ ചെറിയൊരു സാമൂഹികമായ അസ്വാഭാവികത പ്രകടിപ്പിച്ചേക്കാമെങ്കിലും, വളരെ ബുദ്ധിശക്തിയുള്ള കുട്ടിയാണ് എസ്തറെന്ന് പിതാവ് ജോസഫ് കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് ആളുകളാണ് നിലവിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി തെരച്ചിലിൽ പങ്കാളികളാകുന്നത്. പ്രാദേശിക സമൂഹത്തിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണ ഈ പ്രതിസന്ധിഘട്ടത്തിൽ പ്രത്യാശ നൽകുന്നതാണെന്ന് കുടുംബം വ്യക്തമാക്കുന്നു. അന്വേഷണത്തിൽ ലഭിക്കുന്ന നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും മണിക്കൂറുകളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് പോലീസ് തീരുമാനം.
Missing 14-year-old girl in Toronto; Search expands to new areas
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










