ബ്യൂണസ് ഐറിസ്: അര്‍ജന്റീന ദേശീയ ടീമിനോട് വിടപറഞ്ഞതിന് പിന്നാലെ സ്വന്തം നാട്ടില്‍ വീണ്ടും പന്തുതട്ടാനൊരുങ്ങി ലയണല്‍ മെസ്സി. പ്രീസീസണ്‍ സൗഹൃദമത്സരത്തില്‍ ഇന്റര്‍ മയാമിക്കൊപ്പം അര്‍ജന്റീനന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിനെ നേരിടാനാണ് മെസ്സിയെത്തുന്നത്. 2027 ജനുവരി 19-ന് ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റലിലാണ് മത്സരം.

2026 ഓഗസ്റ്റ് 31-നാണ് മെസ്സി അര്‍ജന്റീന ദേശീയ ടീമില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിനായി 21 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ വിരാമമായത്. എന്നാല്‍ ക്ലബ് ഫുട്‌ബോളില്‍ തുടരുന്ന താരം ഇന്റര്‍ മയാമിക്കായി കളിക്കുന്നുണ്ട്. വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം അര്‍ജന്റീനയില്‍ നടക്കുന്ന ഈ മത്സരം ആരാധകര്‍ക്ക് മെസ്സിയെ സ്വന്തം മണ്ണില്‍ വീണ്ടും കാണാനുള്ള അവസരമാകും.
മെസ്സിക്കൊപ്പം കാസെമിറോ, റോഡ്രിഗോ ഡി പോള്‍, ലൂയിസ് സുവാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി, തിയാഗോ അല്‍മാഡ തുടങ്ങിയ പ്രമുഖ താരങ്ങളും മത്സരത്തിലുണ്ടാകുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇന്റര്‍ മയാമിയാണ് മത്സരവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ രണ്ട് ക്ലബ്ബുകളെ ഒരുമിപ്പിക്കുന്ന മത്സരമാണിത്. സമീപ വര്‍ഷങ്ങളില്‍ കായികരംഗത്തും വാണിജ്യരംഗത്തും വലിയ വളര്‍ച്ച കൈവരിച്ച റിവര്‍ പ്ലേറ്റും ഇന്റര്‍ മയാമിയും ആഗോള ആരാധകവൃന്ദം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സൗഹൃദമത്സരം സംഘടിപ്പിക്കുന്നത്.
ALSO READ: ഫുട്ബോളിന് പിന്നാലെ ഇനി ടെലിവിഷൻ ലോകത്തേക്ക്; ടെലിവിഷൻ രംഗത്തേക്ക് ക്രിസ്റ്റ്യാനോ
അര്‍ജന്റീന ദേശീയ ടീമിനായി നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച എസ്റ്റാഡിയോ മോനുമെന്റലില്‍ മെസ്സി വീണ്ടും കളിക്കാനിറങ്ങുന്നത് മത്സരത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. COC Global ആണ് മത്സരത്തിന്റെ സംഘാടനവും ഏകോപനവും നിര്‍വഹിക്കുന്നത്. ടിക്കറ്റുവില്‍പ്പന, മറ്റ് പരിപാടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇരു ക്ലബ്ബുകളുടെയും ഔദ്യോഗിക ചാനലുകളിലൂടെ പിന്നീട് അറിയിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Messi to Return to Argentina for Inter Miami Friendly’




