പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (പി.ഇ.ഐ) ജീവനക്കാരുടെ ഹ്രസ്വകാല അവധികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് (സിക്ക് നോട്ട്) ഹാജരാക്കണമെന്ന വ്യവസ്ഥ തുടരുന്നതിനെതിരെ ആരോഗ്യരംഗത്തുനിന്നും നിയമരംഗത്തുനിന്നും പ്രതിഷേധം ശക്തമാകുന്നു. നിലവിലെ പി.ഇ.ഐ തൊഴിൽ നിയമപ്രകാരം തുടർച്ചയായി മൂന്ന് ദിവസം അവധിയെടുത്താൽ തൊഴിലുടമയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം. എന്നാൽ, ചെറിയ രോഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾക്കായി ജീവനക്കാർ മണിക്കൂറുകളോളം എമർജൻസി വാർഡുകളിൽ കാത്തിരിക്കുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പൊതുപണം ഇതിനായി വിനിയോഗിക്കുന്നത് ശരിയല്ലെന്നും പ്രിൻസ് കൗണ്ടി ഹോസ്പിറ്റലിലെ ഡോക്ടർ കെയ് ഡിംഗ്വെൽ വ്യക്തമാക്കി. ഹ്രസ്വകാല അവധികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ 2024-ലെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതായി ഡൽഹൗസി സർവകലാശാലയിലെ ശുലിച് സ്കൂൾ ഓഫ് ലോ അസോസിയേറ്റ് പ്രൊഫസർ ലിയാം മക്ഹഗ്-റസ്സൽ ചൂണ്ടിക്കാട്ടി.
കാനഡയിലെ ഒട്ടുമിക്ക പ്രവിശ്യകളും ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിക്കഴിഞ്ഞതായും പി.ഇ.ഐ മാത്രമാണ് പഴയ രീതിയിൽ തുടരുന്നതെന്നും ലിയാം മക്ഹഗ്-റസ്സൽ വിലയിരുത്തി. ഫെഡറൽ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ തുടർച്ചയായി അഞ്ചോ അതിലധികമോ ദിവസം അവധിയെടുത്താൽ മാത്രമേ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ എന്ന നിയമം 2022 ഡിസംബർ മുതൽ നിലവിലുണ്ട്. നോവ സ്കോഷ്യ 2023-ലും, ഒന്റാറിയോ 2024-ലും ഇത്തരത്തിൽ നിയമപരിഷ്കാരം നടത്തിയിട്ടുണ്ട്.
ക്യുബെക്കിലും സമാനമായ നിയന്ത്രണങ്ങളുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നത് ജീവനക്കാരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി മാറിയിരിക്കുകയാണെന്നും, ജീവനക്കാരുടെ വാക്കുകളെ തൊഴിലുടമകൾ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ നിയമപ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വ്യവസ്ഥ ഒഴിവാക്കാനായി പി.ഇ.ഐ ഗ്രീൻ പാർട്ടി നിയമസഭയിൽ ബില്ല് അവതരിപ്പിച്ചിരുന്നു. എന്നാൽ, 2024 ശരത്കാലത്തിൽ പാസാക്കിയതും ഇതുവരെ പ്രാബല്യത്തിൽ വരാത്തതുമായ പുതിയ തൊഴിൽ നിയമപ്രകാരം അവധി ദിനങ്ങളുടെ പരിധി മൂന്നിൽ നിന്ന് അഞ്ചായി ഉയർത്താനാണ് സർക്കാർ നീക്കം. ഈ പുതിയ നിയമപ്രകാരം ഫാർമസിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകളും സ്വീകരിക്കാൻ അനുമതിയുണ്ടാകുമെന്നും ഇത് എമർജൻസി റൂമുകളിലെ തിരക്ക് കുറയ്ക്കുമെന്നും തൊഴിൽ മന്ത്രി സാക്ക് ബെൽ അറിയിച്ചു. വരുന്ന വേനൽക്കാലത്തോടെ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രി പ്രതീക്ഷിക്കുന്നത്. എന്നാൽ, നിയമം മാറിയാലും ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾക്കായി ആരോഗ്യകേന്ദ്രങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരുമെന്നും അത് ആരോഗ്യസംവിധാനത്തിന്റെ ജോലിയല്ലെന്നും ഡോക്ടർ കെയ് ഡിംഗ്വെൽ വ്യക്തമാക്കി.
Medical certificate requirement for leave: Protests in PEI for legal reform are strong
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









