വിന്നിപെഗ്: ശൈത്യകാലത്തെ കടുത്ത തണുപ്പുള്ള സമയങ്ങളിൽ മാനിറ്റോബ ഹൈഡ്രോയുടെ ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയത്തിൽ ഉത്പാദനം കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടെ ഉയർന്ന വൈദ്യുതി ആവശ്യകതയുണ്ടായ 3 ശൈത്യകാലങ്ങളിൽ ബ്രാൻഡൺ ജനറേറ്റിങ് സ്റ്റേഷനിൽ നിന്നുള്ള പരമാവധി ഉത്പാദനം കുറയ്ക്കേണ്ടി വന്നുവെന്നാണ് വിവരങ്ങൾ പുറത്തുവന്നത്. ബ്രാംപ്ടണിലെ പ്രകൃതിവാതക നിലയം വികസിപ്പിക്കാനുള്ള പ്രൊപ്പോസലുമായി മാനിറ്റോബ ഹൈഡ്രോ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തിന്റെ ഈ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും വിമർശകരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
നിലവിലുള്ള രണ്ട് ടർബൈനുകൾക്ക് പുറമെ മൂന്ന് പുതിയ നാച്ചുറൽ ഗ്യാസ് ടർബൈനുകൾ കൂടി സ്ഥാപിച്ച് ബ്രാൻഡൺ പ്ലാൻ്റിൻ്റെ ശേഷി 280 മെഗാവാട്ടിൽ നിന്ന് 1,030 മെഗാവാട്ടായി ഉയർത്താനാണ് മാനിറ്റോബ ഹൈഡ്രോ പദ്ധതിയിടുന്നത്. 3 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി വഴി 2030-ഓടെ 750 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വരും ദശകത്തിൽ മൊത്തം 1,760 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാനുള്ള ഹൈഡ്രോയുടെ വലിയ പദ്ധതിയുടെ ഭാഗമാണിത്. ഊർജ്ജ നിയന്ത്രണ ഏജൻസിയായ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന് (PUB) മുന്നിൽ നിലവിൽ ഈ പദ്ധതിയുടെ ഹിയറിങ് പുരോഗമിക്കുകയാണ്.
കഴിഞ്ഞ ജൂലൈ 29-ന് നടന്ന ഹിയറിങ്ങിനിടെയാണ് ഉത്പാദനക്കുറവ് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായി വന്ന 10 ശൈത്യകാല ഘട്ടങ്ങളിൽ മൂന്നെണ്ണത്തിലും ബ്രാൻഡൺ ഫ്യുവൽ ബേണിങ് സ്റ്റേഷനിൽ നിന്നുള്ള പരമാവധി ഉത്പാദനം കുറയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് മാനിറ്റോബ ഹൈഡ്രോ ഊർജ്ജ വിപണി ഡയറക്ടർ ഷെറിൾ സാൻക്ലെമെൻ്റെ സ്ഥിരീകരിച്ചു. മാനിറ്റോബ ഇക്കോ നെറ്റ് വർക്കിൻ്റെ അഭിഭാഷകൻ കെൻ്റ് എൽസൺ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജനുവരി 7, ഡിസംബർ 20 കൂടാതെ ഈ വർഷം ജനുവരി 22, 23 തീയതികളിലും പ്ലാൻ്റിലെ ഉത്പാദനം കുറച്ചിരുന്നു.
ഗ്യാസ് പ്ലാൻ്റുകളുടെ വിശ്വസനീയതയെക്കുറിച്ചുള്ള മാനിറ്റോബ ഹൈഡ്രോയുടെ വാദങ്ങൾക്ക് തിരിച്ചടിയാണ് ഈ വെളിപ്പെടുത്തലെന്ന് ക്ലൈമറ്റ് ആക്ഷൻ ടീം പോളിസി ഡയറക്ടർ ജെയിംസ് വിൽറ്റ് പറഞ്ഞു. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ നിക്ഷേപം ഇറക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. എന്നാൽ, 20 വർഷത്തിലധികം പഴക്കമുള്ള ടർബൈനുകളിൽ ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങളും അറ്റകുറ്റപ്പണികളുടെ കുറവുമാണ് ഉത്പാദനത്തെ ബാധിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. വിഷയത്തിൽ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിൻ്റെ ഹിയറിങ് സെപ്റ്റംബർ 4 വരെ തുടരും.
Winter power generation declines; Manitoba Hydro’s gas plant development faces strong criticism
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








